കണ്ണൂർ: റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധത്തെ കോൺഗ്രസ് നടത്തുന്ന സമരാഭാസമെന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവൻ. ഇല്ലാത്ത ഒഴിവിന്റെ പേരിൽ പ്രതിപക്ഷം നിയമന വിവാദം ഉണ്ടാക്കുന്നു എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. നിയമന വിവാദത്തെ തുടർന്ന് പ്രതിപക്ഷ ആരോപണങ്ങളോടും ‌റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തോടും പ്രതികരിക്കുകയായിരന്നു ‌അദ്ദേഹം.

കേന്ദ്രത്തിൽ 6,80,000 ത്തിൽ അധികം ഒഴിവുകൾ ഉണ്ട്. അവിടെ നിയമനം നടത്താതിൽ പ്രതിപക്ഷത്തിന് വിഷമമില്ല. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും നിയമനം കൊടുക്കാൻ സാധിക്കില്ലെന്ന് ഒരു വസ്തുതയാണ്. - വിജയരാഘവൻ പറഞ്ഞു. അതേസമയം, സെക്രട്ടറിയേറ്റ് പടിക്കൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ പ്രതിഷേധം ശക്തമാക്കുമ്പോഴും കുലുങ്ങാതെ മുഖ്യമന്ത്രി പിണറായി. ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിക്കാൻ പോലും ഇന്നത്തെ മന്ത്രിസഭാ യോഗം തയ്യാറായില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ഉദ്യോഗാർഥികളുടെ സമരം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായതു പോലുമില്ല.

സമരം ഒത്തുതീപ്പാക്കാനുള്ള യാതൊരു ചർച്ചയും യോഗത്തിൽ നടന്നില്ല. എന്നാൽ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൂടുതൽ താല്കാലികക്കാരെ ഇന്നും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് അടക്കമുള്ളവയിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തിട്ടുള്ളത്. നേരത്തെ, നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നേരത്തെ തന്നെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് മന്ത്രിസഭാ യോഗം എടുത്തത്.

പിഎസ്.സിക്ക് വിട്ട തസ്തികകളിൽ ഏതെങ്കിലും വകുപ്പുകൾ താല്ക്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മന്ത്രിസഭ നിർദ്ദേശിച്ചു. താല്ക്കാലികക്കാരെ നിയമിക്കുന്ന ഒരു തസ്തിക പോലും പി.എസ്.സിക്ക് വിട്ടതല്ല എന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അത്തരത്തിൽ ഒരു നിയമനം പോലും നടക്കാൻ പാടില്ലെന്നും വകുപ്പ് മേധാവികളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതേസമയം, ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകൾ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തിൽ പരിഗണിക്കാനായി മാറ്റി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകൾ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ചട്ടങ്ങൾ പാലിക്കുന്നവ മാത്രം പരിഗണിച്ചാൽ മതിയെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ കീഴിലെ ചില സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ അപേക്ഷകൾ അദ്ദേഹത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് മാറ്റിവച്ചു. വിവിധ വകുപ്പുകളിൽനിന്നു നൂറിലേറെ തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകളാണ് ഇന്നലെ സർക്കാരിനു ലഭിച്ചത്. അതേസമയം സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ഇന്ന് മുട്ടിൽ ഇഴയൽ അടക്കമുള്ള സമരത്തിലേക്കാണ് ഇവർ കടന്നിരിക്കുന്നത്.