ന്യൂഡൽഹി: രാജ്യത്ത് ഇനി സ്‌കുൾ അദ്ധ്യാപകരുടെ ശമ്പളം ഇനി പ്രവർത്തന മികവ് നോക്കി മാത്രമാക്കാൻ നീക്കം.സ്‌കൂൾ അദ്ധ്യാപകരുടെ പ്രവർത്തനം വിലയിരുത്താൻ അപ്രൈസൽ സംവിധാനം വരുന്നു.അദ്ധ്യാപകർക്കു പ്രധാനാധ്യാപകർ ആകുമ്പോഴല്ലാതെ കരിയർ വളർച്ചയില്ലെന്നും പലരും അക്കാദമിക മികവു പുലർത്തുന്നില്ലെന്നുമുള്ള വിലയിരുത്തലിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ ഇതിനായി നാഷനൽ പ്രഫഷനൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്‌സ് (എൻപിഎസ്ടി) എന്ന മാർഗരേഖയുടെ കരട് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) തയാറാക്കി.

അദ്ധ്യാപകരുടെ ശമ്പളവർധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾ പരിഗണിക്കണമെന്നുമാണു കരടു മാർഗരേഖയിലെ ശുപാർശ.രാജ്യത്ത് ഇതിനനുസരിച്ചു കരിയറിൽ വിവിധ ഘട്ടങ്ങളുമുണ്ടാകും.അദ്ധ്യാപക കരിയറിൽ ഇനി ബിഗിനർ, പ്രൊഫിഷ്യന്റ്, എക്‌സ്പർട്ട്, ലീഡ് എന്നിങ്ങനെ 4 തലങ്ങളുണ്ടാകും. ബിഗിനർ ആയാകും നിയമനം. ഓരോ വർഷവുമുള്ള പ്രവർത്തന വിലയിരുത്തലിന്റെയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ 3 വർഷത്തിനുശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം.

തുടർന്ന് ഇതേ രീതിയിൽ വീണ്ടും 3 വർഷത്തിനുശേഷം എക്‌സ്പർട്ട് തലത്തിലേക്ക് അപേക്ഷിക്കാനാകും. എക്‌സ്പർട്ട് ടീച്ചറായി 5 വർഷം പ്രവർത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.എൻസിടിഇ ആയിരിക്കും പ്രവർത്തന വിലയിരുത്തലിനും ഉന്നത തലത്തിലേക്കു മാറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതി. ഇതിന് ഓൺലൈൻ ഓഫ്‌ളൈൻ മാർഗങ്ങൾ ആവിഷ്‌കരിക്കും.

എല്ലാ വർഷവും 50 മണിക്കൂറെങ്കിലും തുടർപരിശീലന പരിപാടികളിൽ പങ്കെടുക്കണം. പരിശീലന പദ്ധതികളും കേന്ദ്രങ്ങളും എൻസിടിഇ തയാറാക്കും.രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോർഡുകൾക്കും മാറ്റങ്ങൾ ബാധകമാകും. പ്രഫഷനൽ നിലവാര മാനദണ്ഡങ്ങൾ 2030 ൽ വീണ്ടും വിലയിരുത്തി പരിഷ്‌കരിക്കും. ഓരോ 10 വർഷം കൂടുമ്പോഴും ഇതുണ്ടാകും. ഭരണഘടനയിൽ വിദ്യാഭ്യാസം കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെട്ട പൊതുപട്ടികയിലുള്ള വിഷയമാണെങ്കിലും ഈ രംഗത്തെ കേന്ദ്ര ധനസഹായം സംസ്ഥാനങ്ങൾക്ക് ഒഴിവാക്കാനാകുന്നതല്ല.

കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്കു ഡിസംബർ 16 വരെ നിർദേശങ്ങൾ സമർപ്പിക്കാം.