കോഴിക്കോട്: ഒടിടി പ്ലാറ്റ് ഫോം വഴിയാണ് ശക്തമായ മത - സാമൂഹിക വിമർശനങ്ങൾ നടത്തുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ബിരിയാണി തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ബിരിയാണി തിയേറ്ററിൽ റിലീസ് ചെയ്തിരുനെങ്കിലും ഒടിടിയിൽ എത്തിയപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രങ്ങൾക്ക് പിന്നാലെയാണ് പൊള്ളുന്ന വിഷയം സധൈര്യം ചർച്ച ചെയ്യുന്ന അക്വേറിയവും പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണെതിരെ സംഘപരിവാർ സംഘടനകൾ രംഗത്തിറങ്ങിയപ്പോൾ ബിരിയാണിക്കെതിരെ ചില മുസ്ലിം സംഘടനകളായിരുന്നു എതിർപ്പുയർത്തിയത്. ഒരു ഹിന്ദു തറവാടിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ ദൈന്യതയും അവർ നേരിടുന്ന വെല്ലുവിളികളും ഒക്കെയായിരുന്നു കിച്ചൺ ചർച്ച ചെയ്തത്. മതവും പുരുഷാധിപത്യവും തീർക്കുന്ന വേലിക്കെട്ടുകളിൽ കുടുങ്ങിയ നായിക ഒടുവിൽ വിശ്വാസങ്ങളുടെ മുഖത്തേക്ക് അഴുക്കു വെള്ളം ഒഴിച്ചപ്പോൾ സംഘപരിവാർ പ്രവർത്തകർ ഹിന്ദു വിരുദ്ധ സിനിമ എന്ന് പറഞ്ഞ് രംഗത്തെത്തി.

ബിരിയാണിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി ഭർത്താവ് എഴുന്നേറ്റു പോകുമ്പോൾ സ്വയംഭോഗം ചെയ്യുകയാണ് നായിക കദീജ. ഈ കാഴ്ചക്ക് മുമ്പിൽ പതറുന്ന ഭർത്താവിൽ തുടങ്ങി പുരുഷാധിപത്യത്തിനും മതം തീർക്കുന്ന കുരുക്കുകൾക്കുമെതിരെ തന്റെ ശരീരം കൊണ്ട് പ്രതികാരം തീർക്കാനാണ് അവളുടെ ശ്രമം. ഇഫ്ത്താർ വിരുന്നിൽ വിളമ്പിയ ബിരിയാണിയിലൂടെ കദീജയുടെ പ്രതികാരം പൂർത്തിയാകുമ്പോൾ ഒരു വിഭാഗം മുസ്ലിം സംഘടനകൾ പ്രതിഷേധമുയർത്തി.

തങ്ങളുടെ ലൈംഗികതയിൽ പോലും യാതൊരു അധികാരവുമില്ലാത്ത സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറഞ്ഞ് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയപ്പോൾ പലർക്കും പൊള്ളുകയായിരുന്നു. ഈ സിനിമകളുടെ തുടർച്ച പോലെയാണ് അക്വേറിയവും എത്തുന്നത്. ചില ഹിന്ദു - മുസ്ലിം സംഘടനകൾക്ക് ശേഷം ചില ക്രിസ്ത്യൻ സംഘടനകളെ ചൊടിപ്പിക്കുന്നതെല്ലാം അക്വേറിയത്തിലുണ്ട്. മതവികാരം വ്രണപ്പെടുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് പിതാവിനും പുത്രനും എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ഏഴുവർഷത്തിന് ശേഷം അക്വേറിയം എന്ന പേരിൽ ഈ സിനിമ ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്കെത്താൻ പോവുകയാണ്.

കോൺവെന്റിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമയൊരുക്കുക എന്ന സംവിധായകൻ ടി ദീപേഷിന്റെ ആഗ്രഹ പൂർത്തീകരണമായിരുന്നു പിതാവിനും പുത്രനും. എൽസിറ്റ, ജസീന്ത എന്നീ രണ്ട് കന്യാസ്ത്രീകളുടെ ജീവിതത്തിലൂടെ മതങ്ങൾക്കുള്ളിലെ നന്മ - തിന്മകളും സ്ത്രീ വിരുദ്ധതയെല്ലാം തുറന്നു കാട്ടാനുള്ള ശ്രമമായിരുന്നു ഈ സിനിമ. സണ്ണി വെയ്ൻ, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ ക്രിസ്ത്യാനികളെ അവഹേളിക്കുന്ന ചിത്രമെന്ന് പറഞ്ഞ് പലരും ചിത്രീകരണം തടസപ്പെടുത്താൻ ശ്രമിച്ചു.

എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും സെൻസർ ബോർഡ് വില്ലനായി. സിനിമ മതവികാരം വ്രണപ്പെടുത്തുമെന്നും നാട്ടിൽ കലാപമുണ്ടാവുമെന്നും പറഞ്ഞ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. കന്യാസ്ത്രീകൾക്കിടയിലെ സ്വവർഗ സ്‌നേഹ ബന്ധങ്ങളെക്കുറിച്ചെല്ലാം ഈ സിനിമയിൽ പരാമർശമുണ്ട്. റിവൈസിങ് കമ്മിറ്റിയും സമാന നിലപാട് സ്വീകരിച്ചതോടെ ഏഴു വർഷം മുമ്പ് മൂന്നു കോടി ചെലവഴിച്ചൊരുക്കിയ ചിത്രം പെട്ടിയിലായി. ഈ ചിത്രമാണ് റിലീസിംഗിനൊരുങ്ങുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത മികച്ച ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് അക്വേറിയവുമായെത്താനുള്ള അണിയറ പ്രവർത്തകരുടെ ധൈര്യം. സഭയ്ക്കുള്ളിൽ, കോൺമെന്റ് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ... വാക്കുകൾ നഷ്ടപ്പെട്ട കന്യാസ്ത്രീകളുടെ ജീവിതത്തിലൂടെ മറ്റൊരു തുറന്നു പറച്ചിലിനൊരുങ്ങുകയാണ് അക്വേറിയം എന്നു പേരുമാറ്റിയ പിതാവിനും പുത്രനും.

വർത്തമാന കാലത്ത് നടന്നിട്ടുള്ള പല സംഭവങ്ങളും ചേർത്തു വെച്ച് വായിക്കപ്പെടുമ്പോൾ ചിത്രം വിവാദമാകാനുള്ള സാധ്യതയും ഉണ്ട്. സെൻസർ ബോർഡ് കനിയാഞ്ഞതിനെത്തുടർന്ന് അണിയറ പ്രവർത്തകർ സെൻസർ ബോർഡ് ട്രിബൂണലിനെ സമീപിച്ചതിനെ തുടർന്നാണ് പ്രദർശനാനുമതി ലഭിച്ചത്. ട്രിബൂണൽ നിർദ്ദേശപ്രകാരമാണ് ചിത്രത്തിന്റെ പേരുമാറ്റം.

കന്യാസ്ത്രീ മഠങ്ങളിലെ ചൂഷണങ്ങളും മറ്റും തുറന്നു കാണിക്കുന്ന ചിത്രത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടാവും എന്ന് വ്യക്തമല്ല. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കലാകാരനാണ് ചിത്രത്തിന്റെ സംവിധായകൻ ദീപേഷ് . കളിയാട്ടം ഉൾപ്പെടെയുള്ള ശ്രദ്ധേയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ബൽറാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. എട്ടു മാസത്തോളം ബൈബിൾ പഠിച്ചാണ് ബൽറാം ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രദർശനം വൈകിയെങ്കിലും സിനിമയുടെ തിരക്കഥ മലയാളം ആഴ്ചപ്പതിപ്പിൽ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.