കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുകയും ചട്ടങ്ങൾ മറികടന്ന് ഇപ്പോഴും ഇതേ ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയും ചെയ്യുന്ന ഹരികുമാറിനെതിരെ പരാതിയുമായി കോഴിക്കോട് ചാത്തമംഗലം സ്വദേശി അശോകൻ രംഗത്ത്. ഹരികുമാർ തന്നെ ചതിയിൽപെടുത്തി തന്റെ വസ്തുവിന്റെ ആധാരങ്ങൾ കൈക്കലാക്കുകയും ഒരു കോടിയോളം രൂപ ലോണെടുക്കുകയും മറ്റൊരു ലോണിന് തന്നെ ജാമ്യക്കാരനാക്കുകയും ചെയ്തു എന്നാണ് കോഴിക്കോട് ചാത്തമംഗലം അഭിലാഷ് ഭവനിൽ അശോകന്റെ പരാതി.

അശോകന്റെ മരുകൻ എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു ബ്രാഞ്ചിലെ മാനേജറായിരുന്നു. മരുമകൻ ജോലി ചെയ്യുന്ന ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട് മരുമകനെതിരെ അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും അത് തീർക്കാനായി ബാങ്കിന്റെ നടപടിക്രമങ്ങൾക്കായി നിങ്ങളുടെ ആധാരങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് ഹരികുമാർ അശോകന്റെ വീട്ടിലെത്തുകയായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന അശോകൻ അഞ്ച് ലക്ഷം രൂപ തന്നാൽ പ്രശ്നം തീരുമെങ്കിൽ ആധാരം നൽകേണ്ടതില്ലല്ലോ എന്ന് ഹരികുമാറിനോട് ചോദിച്ചിരുന്നു. എന്നാൽ ബാങ്കിന്റെ നടപടി ക്രമങ്ങൾക്ക് വേണ്ടിയാണ് ആധാരങ്ങളെന്നും ആധാരം തന്നാൽ പ്രശനം തീർക്കാൻ കഴിയുമെന്നും അല്ലെങ്കിൽ മരുമകൻ ജയിലിൽ പോകുമെന്നും ഹരികുമാർ ഭീഷണിപ്പെടുത്തി.

ഇംഗ്ലീഷ് വായിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത അശോകൻ ഹരികുമാർ പറഞ്ഞ രേഖകളിലെല്ലാം ഒപ്പിട്ടു നൽകുകയും കൂടാതെ ആധാരം നൽകുകയും ചെയ്തു. തന്റെ പുരയിടത്തിന്റേതടക്കമുള്ള ആധാരങ്ങളും ഹരികുമാറിന് നൽകി. മലപ്പുറം ജില്ലയിലെ എആർ നഗർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയും അധികാരവുമുള്ള ബാങ്കിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തുള്ള വസ്തുവിന്റെ ആധാരം രജിസ്ട്രർ ചെയ്യാനാകില്ലെന്ന് അന്ന് തന്നെ രജിസ്ട്രാർ ഓഫീസിൽ നിന്നും അറിയിച്ചെങ്കിലും ഹരികുമാറിന്റെ സ്വാധീനം ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തുകയായിരുന്നു. മരുമകനെ രക്ഷിക്കാൻ വേണ്ടിയാണ് അശോകൻ ആരോടും ആലോചിക്കാതെ ആധാരങ്ങൾ നൽകിയത്. എന്നാൽ പിന്നീട് മാസങ്ങൾക്ക് ശേഷം ഒരു കോടിയോളം രൂപയുടെ ലോൺ തിരിച്ചടക്കാനായി വീട്ടിലേക്ക് നോട്ടീസ് വന്നപ്പോഴാണ് അശോകൻ താൻ ചതിയിൽപെട്ട വിവരം അറിയുന്നത്.

അപ്പോഴേക്കും മരുമകനെ ബാങ്കിൽ നിന്നും രാജിവെപ്പിക്കുകയും ചെയ്തിരുന്നു. മുക്കുപണ്ടം പണയം വെച്ചതടക്കമുള്ള ക്രമക്കേടുകൾ നടത്തിയത് ഹരികുമാറും കൂടി ചേർന്നായിരുന്നു. ഇതിന്റെ പേരിൽ അശോകന്റെ മരുമകനും ഹരികുമാറും ഒരുമിച്ച് രാജിവെക്കാമെന്നാണ് ഹരികുമാർ പറഞ്ഞിരുന്നത്. ഇതിനായി രാജിക്കത്ത് തയ്യാറാക്കി അശോകന്റെ മരുമകനെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ അശോകന്റെ മരുമകൻ രാജിവെച്ചതിന് ശേഷം ഹരികുമാർ രാജിക്കത്ത് നശിപ്പിച്ചുകളയുകയും ചെയ്തു. അശോകന്റെ മരുമകന്റെ അമ്മയിൽ നിന്നും ഹരികുമാർ ഇതേ കാരണം പറഞ്ഞ് ആധാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അവരുടെ പേരിലും ലോണെടുത്തിട്ടുണ്ട്. ഈ ലോണിന് ജാമ്യക്കാരനായി അശോകനെയാണ് നിർത്തിയിട്ടുള്ളത്. എന്നാൽ ഇതെല്ലാം അശോകൻ അറിയുന്നത് വീട്ടിലേക്ക് ഒന്നിന് പിറകെ ഒന്നായി നോട്ടീസുകൾ വന്നതോടെയാണ്.

താൻ അറിയാതെയാണ് ഇത്രയും വലിയ തുക തന്റെ ആധാരങ്ങൾ വെച്ച് തന്റെ പേരിൽ ലോണെടുത്തിട്ടുള്ളതെന്ന് അശോകൻ ബാങ്കിനെ അറിയിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ബാങ്ക് സെക്രട്ടറിയായ ഹരികുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണ സമിതി കൈകൊണ്ടിട്ടുള്ളത്. പ്രസ്തുത ബാങ്കിന്റെ പ്രവർത്തന പരിധി എആർ നഗർ പഞ്ചായത്ത് മാത്രമാണെന്നിരിക്കെ എങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ ഒരാൾ അവിടെ വന്ന് ലോണെടുക്കുക എന്നാണ് അശോകൻ ചോദിക്കുന്നത്. മാത്രവുമല്ല അര നൂറ്റാണ്ടിലേറെ കാലമായി താൻ എ ക്ലാസ് മെമ്പറായ ചാത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക് വീടിന് തൊട്ടുത്തുള്ളപ്പോൾ മലപ്പുറം ജില്ലയിൽ പോയി തനിക്ക് ലോണെടുക്കേണ്ട ആവശ്യമില്ലെന്നും അശോകൻ പറയുന്നു. മാത്രമല്ല ഇത്രയും തുക ലോണെടുക്കേണ്ട യാതൊരു സാമ്പത്തിക പ്രശ്നങ്ങളും തനിക്കില്ലെന്നും അശോകൻ പറയുന്നു.

ഇതിനിടെ ഹരികുമാർ ബാങ്കിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. എന്നാൽ വിരമിച്ച ഹരികുമാറിനെ വീണ്ടും അതേ ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി നിലനിർത്തുകയാണ് ബാങ്ക് ചെയ്തത്. വിരമിച്ച ജീവനക്കാരന് പുനർനിമയനം നൽകാൻ സഹകരണ നിയനം അനുവധിക്കില്ലെന്ന് സഹകരണ വകുപ്പ് ഉത്തരവിറക്കി. മാത്രവുമല്ല ഇതേ ബാങ്കിൽ ഹരികുമാറിന് നിരവധി ബിനാമി അകൗണ്ടുകളുണ്ടെന്നും ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഹരികുമാർ നടത്തിയിട്ടുണ്ടെന്നും വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഹരികുമാറിനെ പുനർനിയമിക്കാൻ കഴിയില്ലെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. എന്നാൽ സഹകരണ വകുപ്പിന്റെ ഉത്തരവിനെതിരെ ബാങ്ക് ഭരണ സമിതി ഹരികുമാറിന് വേണ്ടി സർക്കാറിൽ അപ്പീൽ നൽകി. ബാങ്കിന്റെ സുഗമമായ നടത്തിപ്പിന് വളരെയേറെ കാലം ബാങ്കിൽ ജോലി ചെയ്ത് പരിചയമുള്ള ഹരികുമാറിന്റെ സേവനം ആവശ്യമുണ്ടെന്നാണ് ബാങ്ക് ഭരണ സമിതി ആവശ്യപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ചട്ടങ്ങളും മറികടന്ന് ഹരികുമാറിനെ വീണ്ടും ബാങ്കിൽ നിയമിക്കാൻ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തെങ്കിലും ഹരികുമാർ ഇപ്പോഴും ബാങ്കിന്റെ ചുമതലകൾ വഹിക്കുകയും പ്രതിമാസം 60000 രൂപ ശമ്പളം കൈപറ്റുകയും ചെയ്യുന്നുണ്ട്. ഹരികുമാർ സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയ ക്രമക്കേടുകളെല്ലാം ഭരണ സമിതികൂടി അറിഞ്ഞാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഹരികുമാർ ബാങ്കിൽ നിന്നും പുറത്ത് പോയാൽ ഈ ക്രമക്കേടുകളെല്ലാം പുറത്തറിയും എന്നതിനാലാണ് എല്ലാ ചട്ടങ്ങളും മറി കടന്ന് ഇപ്പോഴും ഹരികുമാറിനെ ഇവിടെ തന്നെ നിലനിർത്തിയിരിക്കുന്നത്. പുറത്താക്കിയാൽ് ക്രമക്കേടുകൾക്ക് കൂട്ടുനിന്ന വിവരം പുറം ലോകത്തെ അറിയിക്കുമെന്ന് ഹരികുമാർ ബാങ്ക് ഭരണ സമിതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയുടെ ബന്ധുവാണ് ഹരികുമാർ എന്നാണ് അശോകൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഈ സ്വാധീനം ഉപയോഗിച്ചാണ് അനധികൃത പുനർനിയമനത്തിന് സഹകരണ വകുപ്പ് മന്ത്രിയിൽ നിന്നും അനുകൂല കത്ത് ലഭ്യമാക്കിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എംവി ജയരാജൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി, സിപിഐഎം കോഴിക്കോട് ജില്ല കമ്മറ്റി എന്നിവർക്കെല്ലാം അശോകൻ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പരിശോധനക്ക് കള്ക്ടറേറ്റിൽ നിന്നും വന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് ബാങ്കിൽ റെയ്ഡ് നടന്നത്. പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.അശോകൻ അടക്കമുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരികുമാറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഹരികുമാറിന്റെ പേരിൽ നേരത്തെ തന്നെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു പരിശോധന. പരിശോധനയിൽ 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലുള്ള അക്കൗണ്ടുകൾ ഇപ്പോഴും നിലനിൽക്കുന്നതായും ഈ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

പല അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സ്ലിപ്പുകളിലെ ഒപ്പുകൾ ഹരികുമാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.നോട്ട് നിരോധന കാലത്തും ഈ ബാങ്ക് വഴി അനധികൃത ഇടപാടുകൾ നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബാങ്കിനെതിരെയും മുസ്ലിം ലീഗ് ഭരണ സമിതിയിലെ അംഗങ്ങൾക്കെതിരെയും വിശിഷ്യ ഹരികുമാർ എന്ന മുൻ സെക്രട്ടറിയും ഇപ്പോൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി ബാങ്കിൽ തുടരുകയും ചെയ്യുന്ന വ്യക്തിക്കെതിരെയും കൂടുതൽ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ആദായ നികുതി വകുപ്പ്.