തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്‌പിയോട് ആവശ്യപ്പെട്ടതായി ചെയർപേഴ്സൺ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു.

മനുഷ്യമനസ്സാക്ഷിയെ ഞ്ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിൽ പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നതാണ്. കോവിഡ് രോഗികളായ സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിനു പുറമേ പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാനും നിർദ്ദേശം നൽകും. കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ കോവിഡ്കാല സേവനങ്ങൾക്കായി നൽക്കുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തേണ്ടതാണ്. കമ്മിഷൻ അംഗമായ ഡോ. ഷാഹിദ കമാലും സംഭവത്തെ ശക്തമായി അപലപിച്ചു.