പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റം നിഷേധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനിടെയാണ് പ്രതി നൗഫൽ കുറ്റം നിഷേധിച്ചത്.

ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, തടങ്കലിൽ വെക്കുക, പട്ടികജാതി പീഡന നിരോധന നിയമം എന്നിവയുൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതി യുവതിയോട് മാപ്പ് ചോദിക്കുന്ന ശബ്ദരേഖ, ആംബുലൻസിന്റെ ജി.പി.എസ് വിവരങ്ങൾ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തുടങ്ങിയവ കേസിലെ നിർണായക തെളിവുകളാണ്.

സെപ്റ്റംബർ മാസം ഒമ്പതിനാണ് കോവിഡ് രോഗിയായ പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ? ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതി ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.