തിരുവനന്തപുരം: 'പശ്ചാത്തലത്തിലെ സംഗീതത്തിനൊപ്പം ചുവട് വച്ച് എത്തുന്ന മാന്ത്രികൻ കയ്യിലിരിക്കുന്ന ഒരു മാന്ത്രികവടി ചുഴറ്റി നാലെണ്ണമാക്കി മാറ്റുന്നു. ശൂന്യമായ അന്തരീക്ഷത്തിൽ നിന്നും ഒരു പന്ത്‌ എടുക്കുന്നു. പിന്നീടതും നാലെണ്ണമായി ഇരട്ടിപ്പിക്കുന്നു. പിന്നീട് നാല് പന്തുകളും ഒന്നാക്കി മാറ്റുന്നു.' പറഞ്ഞുവരുന്നത് മുതുകാടിന്റെ സാമ്രാജിന്റെയോ മെഗാഷോയിലെ പരിപാടിയല്ല. പൂർണമായും കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത പത്താംക്ലാസുകാരിയുടെ കാഴ്‌ച്ചകാരെ അത്ഭുതപ്പെടുത്തുന്ന മാജിക്ക് പ്രകടനമാണ്.

കരകുളം ഏണിക്കരയിൽ പത്രഏജന്റായ അനിൽകുമാറിന്റ മൂത്തമകൾ ആർദ്ര അനിലാണ് തന്റെ മാജിക് വൈഭവം കൊണ്ട് കുറവുകളെ മറികടക്കുന്നത്. തിരുവനന്തപുരം മാജിക് അക്കാദമിയിലെ വിദ്യാർത്ഥി കൂടിയാണ് ആർദ്ര. ജന്മനാ കേൾവിയും സംസാരശേഷിയും പൂർണമായും ഇല്ലാത്തയാളാണ് ആർദ്ര. ഇത് മാതാപിതാക്കളാണ് അനിൽകുമാറിനെയും ലക്ഷ്മിദേവിയേയും ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും പിന്നെ അവർ ആർദ്രയുടെ കഴിവുകളെ കണ്ടെടുക്കുകയായിരുന്നു. ഇന്ന് മകളെ ഓർത്ത് അഭിമാനിക്കുകയാണ് അവർ.

മാജിക്കിന് പുറമെ ചിത്രകലയിലും വിദഗ്ധയാണ് ആർദ്ര. പേപ്പറിലും ക്യാൻവാസിലുമായി നൂറോളം മിഴിവേറിയ ചിത്രങ്ങൾക്കാണ് ആർദ്ര ജന്മം നൽകിയിട്ടുള്ളത്. ചെണ്ട, വയലിൻ അടക്കമുള്ള സംഗീതോപകരണങ്ങളിലും ആർദ്ര തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. ആർദ്ര വയലിൻ വായിക്കുന്നത് കേൾക്കുന്നവർക്ക്, വായിക്കുന്നത് ചെവി കേൾക്കാത്തയാളാണെന്ന് വിശ്വസിക്കാനാവില്ല.  അയോധനകലയിലും മിടുക്കിയായ ആർദ്ര കരാട്ടെയും പഠിക്കുന്നുണ്ട്. കോവിഡ് മൂലം ടെസ്റ്റുകൾ നീണ്ടുപോയില്ലായിരുന്നെങ്കിൽ ഇപ്പോൾ ബ്ലാക്ക് ബെൽറ്റ് ലഭിക്കുമായിരുന്നു. സ്‌കൂളിൽ കായികമൽസരങ്ങളിലടക്കം സജീവമാണ് ആർദ്ര. കേരളോൽസവത്തിലും ഗ്രാമീണ കായിക മൽസരങ്ങളിലും ഭിന്നശേഷി കായികമേളയിലും സ്‌കൂൾ കലാ- കായിക മൽസരങ്ങളിലുമെല്ലാം ആർദ്ര നേടിയ ട്രോഫികൾ വീട്ടിനുള്ളിൽ നിറഞ്ഞിരിക്കുകയാണ്.

ആദ്യകാലങ്ങളിൽ ചുറ്റുമുള്ളവർ പറയുന്നത് എന്താണെന്ന് അറിയാനാകാതെ നിസഹായവസ്ഥയിലായിരുന്നു ആർദ്ര. അമ്മ ലക്ഷ്മിദേവിയാണ് പൂർണസമയവും ആർദ്രയ്ക്ക് ഒപ്പമിരുന്ന് മറ്റുള്ളവർ പറയുന്നത് മനസിലാക്കാൻ ആർദ്രയെ പരിശീലിപ്പിച്ചത്. ഇപ്പോൾ മറ്റുള്ളവരുടെ ചുണ്ടനക്കം കണ്ട് എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ ആർദ്രയ്ക്ക് സാധിക്കുന്നുണ്ട്. അനിയത്തി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രുദ്ര അനിലും സകലവിധ പിന്തുണയുമായി ആർദ്രയ്ക്ക് ഒപ്പമുണ്ട്.

സ്‌കൂളിലും വീട്ടിലും ആർദ്രയുടെ ഉറ്റ സുഹൃത്ത് അനിയത്തിയാണ്. ആർദ്രയുടെ ഓൺലൈൻ ക്ലാസുകളെല്ലാം കേട്ട് ആർദ്രയെ പഠിപ്പിക്കുന്നത് അനിയത്തിയാണ്. പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരും. സ്‌കൂളിലെ അദ്ധ്യാപകരും ആർദ്രയ്ക്ക് പ്രത്യേക കരുതൽ നൽകുന്നുണ്ടെന്ന് അച്ഛൻ അനിൽകുമാർ പറയുന്നു. മാജിക് അക്കാദമിയിലും ഡോ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകർ ഇത്തരം കുട്ടികൾക്ക് പരിഗണന നൽകുന്നുണ്ട്. മറ്റ് കുട്ടികൾക്കൊപ്പം ഇവരെയും പരിഗണിക്കാൻ ഈ അദ്ധ്യാപകർ കാണിക്കുന്ന മനസാണ് ആർദ്രയെ പോലുള്ള മിടുക്കികളെ വാർത്തെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.