ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം എത്തുമ്പോൾ ചർച്ചയാകുന്നത് ഇന്ത്യയുടെ ആഭ്യന്തര നിർമ്മാണ കരുത്ത്. 118 യുദ്ധ ടാങ്കുകൾ നിർമ്മിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്. മെയ്‌ക് ഇന്ത്യാ പദ്ധതിയിലാണ് നിർമ്മാണം.

ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിലാണ് അർജുൻ എംകെ1എ യുദ്ധ ടാങ്കുകൾ നിർമ്മിക്കാൻ ഓർഡർ നൽകിയിരിക്കുന്നത്. നേരത്തേ ഉപയോഗിച്ചിരുന്ന എംകെ1 വകഭേദത്തിൽനിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് അർജുന എംകെ1 എ ടാങ്കുകൾ. ചൈനീസ്-പാക് ഭീഷണികൾ കണക്കിലെടുത്ത് കരസേനയെ കരുത്താക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ.

എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ രാത്രി പകൽ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ളവയാണെന്നു ഈ ടാങ്കുകൾ. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മൾട്ടി ലെയർ പരിരക്ഷയാണ് ഇതിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു. 7523 കോടി വിലമതിക്കുന്ന കരാർ പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു കൂടുതൽ ഊർജം പകരുമെന്നും 'ആത്മനിർഭർ ഭാരതി'ലേക്കുള്ള ഒരു പ്രധാന കാൽവയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരം, ഓർഡനൻസ് ഫാക്ടറി ബോർഡിനു കീഴിൽ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയാണ് ടാങ്കുകൾ നിർമ്മിക്കുക. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാൻ 33000 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാൻ പുതിയ ടാങ്കുകൾ വാങ്ങാൻ കേന്ദ്രസർക്കാർ കരാറൊപ്പിട്ടത്. നിലവിൽ കരസേനയുടെ ഭാഗമായ അർജുൻ എംകെ-1 മെയിൻ ബാറ്റിൽ ടാങ്കറിന്റെ (എംടിബി) പരിഷ്‌കരിച്ച പതിപ്പാണ് അർജുൻ എംകെ-1എ ടാങ്കർ. മുൻ മോഡലിൽ നിന്ന് പ്രധാനപ്പെട്ട 14 മാറ്റങ്ങൾ ഉൾപ്പെടെ 72 നവീകരണങ്ങളോടെയാണ് ടാങ്കർ നിർമ്മിച്ചത്. യുദ്ധമുഖത്ത് ടാങ്കറിന്റെ പ്രവർത്തന ശേഷിയും ചലനശേഷിയും ഈടും കരുത്തും പതിന്മടങ്ങ് വർധിപ്പിക്കുന്നതാണ് പുതിയ നവീകരണങ്ങൾ.

ചലിക്കുന്ന പ്രതലത്തിലും അല്ലാതെയും പ്രവർത്തനക്ഷമതയ്ക്ക് ഭംഗമില്ലാതെ ഉപയോഗിക്കാനാവുന്നതാണ് അർജുൻ ടാങ്കിന്റെ പുതിയ മാതൃക. വെടിയുതിർക്കാനുള്ള ശേഷിയും ചലനവേഗവും അതിജീവനശക്തിയും കൂടിയ അർജുൻ ടാങ്കുകളുടെ നൂതന വകഭേദമാണിവ. ഓട്ടോ ടാർഗറ്റ് ട്രാക്കർ, റിമോട്ട് കൺട്രോൾഡ് വെപ്പൺ സിസ്റ്റം, എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ, അഡ്വാൻസ്ഡ് ലേസർ വാർണിങ് കൗണ്ടർമെഷർ സിസ്റ്റം, അഡ്വാൻസ്ഡ് ലാൻഡ് നാവിഗേഷൻ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷൻ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങൾ ടാങ്കറിലുണ്ട്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് കേന്ദ്രമാണ് (സിവിആർഡിഇ) ടാങ്ക് രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും. പുതിയ ടാങ്കറിന്റെ പ്രോട്ടോടെപ്പ് ഈ വർഷം ഫെബ്രുവരിയിൽ കരസേന മേധാവി നർവാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവയുടെ നിർമ്മാണം ശക്തിപ്പെടുത്തിയത്.