ബെൽഗ്രേഡ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനിടെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ വിറ്റു. ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കായാണ് സെർബിയൻ ജീവകാരുണ്യ സംഘടന റൊണാൾഡോയുടെ ആംബാൻഡ് ലേലം നടത്തിയത്.

ആം ബാൻഡ് 55 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റ് പോയത്. സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം 2-2ന് സമനിലയിൽ അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് തന്റെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് റൊണാൾഡോ ആം ബാൻഡ് വലിച്ചെറിഞ്ഞ് കളം വിറ്റത്. ടച്ച് ലൈനിന് അരികെ കിടന്ന ആം ബാൻഡ് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ കണ്ടെത്തുകയും ജീവകാരുണ്യ സംഘടനക്ക് കൈമാറുകയായിരുന്നു.

ക്രിസ്റ്റ്യാനോയുടെ ഗോൾ അനുവദിക്കാതിരുന്നത് ഫുട്‌ബോൾ ലോകത്ത് വലിയ വിവാദമായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരം പോലൊരു നിർണായക കളിയിൽ ഗോൾലൈൻ സാങ്കേതികവിദ്യയോ വാറോ ഇല്ലാത്തത് നിരവധി പേർ ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ഡച്ച് റഫറി ഡാനി മക്കലി ഡ്രസിങ് റൂമിലെത്തി പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസിനോട് മാപ്പ് പറഞ്ഞിരുന്നു.