കൊച്ചി:കപ്പൽമാർഗം കൊച്ചിയിൽ എത്തിയ കരസേനയുടെ ആയുധങ്ങൾ ജബൽപൂരിലെ ആയുധ സംഭരണ ശാലയിലേക്ക് കൊണ്ടുപോയ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തേവര കുണ്ടന്നൂർ പാലത്തിലൂടെ വാഹനം കടന്നു പോകുമ്പോൾ, എതിരെ വന്ന ബി എം ഡബ്ല്യു കാറിൽ ഇടിക്കുകയായിരുന്നു.

കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഒരു വശത്തേക്ക് വെട്ടിച്ച ട്രക്ക് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് ചെരിഞ്ഞു.

രാത്രി തന്നെ കരസേന, നാവിക സേന, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ആയുധങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം വാഹനം നീക്കം ചെയ്തു.രാത്രി ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.