തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് കുത്തേറ്റ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത് പെൺകുട്ടിയുടെ അമ്മയുടെ ലോട്ടറിക്കടയിൽ വച്ച്. പെൺകുട്ടിയുടെ അമ്മ നെടുമങ്ങാട് നടത്തിയിരുന്ന ലോട്ടറികടയിൽ സഹായിക്കാനായി പെൺക്കുട്ടിയും ഇടയ്ക്കിടെ എത്തിയിരുന്നു.

സിനിമാ പബ്ലിസിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന പേയാട് സ്വദേശി അരുൺ നെടുമങ്ങാട് വരുമ്പോഴൊക്കെ ഈ കടയിൽ നിന്നും പതിവായി ലോട്ടറി എടുത്തിരുന്നു. അങ്ങനെ പെൺകുട്ടിയുമായുള്ള പരിചയം തുടങ്ങി. ഇതിനെ പ്രണയമായി അരുൺ തെറ്റിധരിച്ചു. ഇതിനിടെ പെൺകുട്ടി അരുണിനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു.

ഇതോടെ പെൺകുട്ടിയോട് പകയായ അരുൺ പെൺകുട്ടി ഭർതൃവീട്ടിൽ നിന്നും തിരിച്ച് സ്വന്തം വീട്ടിലെത്തുന്നതിന് കാത്തിരിക്കുകയായിരുന്നു. വിദേശത്ത് ജോലിയുള്ള ഭർത്താവ് അവധി കഴിഞ്ഞ് തിരിച്ചുപോയതിനാൽ പെൺകുട്ടി വീട്ടിലെത്തിയ കാര്യം കഴിഞ്ഞ ദിവസമാണ് അരുൺ അറിയുന്നത്. ഇതോടെ രണ്ടും കൽപ്പിച്ച് പകരം വീട്ടാൻ തീരുമാനിച്ചു.

മനസിൽ സൂക്ഷിച്ച പകയുമായി ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലേക്ക് കയറിച്ചെന്ന അരുൺ വീട്ടുകാരുടെ മുന്നിലിട്ട് പെൺകുട്ടിയെ നിരവധി തവണ കുത്തുകയായിരുന്നു. പതിനഞ്ചോളം കുത്തുകളാണ് പെൺകുട്ടിയുടെ ശരീരത്തിലുള്ളത്. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അച്ഛനേയും വികലാംഗയായ അമ്മയേയും അരുൺ ആക്രമിച്ചു.

അച്ഛന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അരുൺ പുറത്തിറങ്ങി ഓടി. അടുത്ത വീടിന്റെ ടെറസിൽ കയറി ഒളിച്ച അരുണിനെ നാട്ടുകാരാണ് പിടികൂടി വലിയമല പൊലീസിലേൽപ്പിച്ചത്. പെൺകുട്ടിയും അച്ഛനും അമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിക്ക് രണ്ട് സർജറികൾ കഴിഞ്ഞു. അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. പൺകുട്ടിയുടെ വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയപ്പോൾ ഒരാൾ വീട്ടിൽനിന്ന് ഇറങ്ങിയോടുന്നതാണു കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിയോടിയ അരുണിനെ ഒളിച്ചിരിക്കുന്നതിനിടെയാണു നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്.