കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ തുടർഭരണത്തിലെത്തിയത് ഇടതുപക്ഷത്തിന് തന്നെ ദോഷം ചെയ്യുമെന്ന് അരുന്ധതി റോയ്. പശ്ചിമബംഗാളിലേതുപോലെ കേരളത്തിൽ സിപിഎം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിന് അനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. തുടർച്ചയായി അധികാരത്തിൽ ഇരിക്കുക എന്നത് തീർച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

'ഓരോ അഞ്ചു വർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു ജനങ്ങൾ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്,'
എന്നാൽ ഇത്തവണ ആ മാറ്റം മുറിഞ്ഞിരിക്കുന്നുവെന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അത് സിപിഎമ്മിന്റെ ഗുണത്തെ കരുതിയാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

'ക്രിസ്ത്യൻ സ്‌കൂളുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നേട്ടമുണ്ടായതുപോലെ മാർക്‌സിസ്റ്റ് പാർട്ടിയുടെ സാന്നിധ്യം കൊണ്ടും അതിന്റെ പ്രവർത്തനങ്ങൾ കൊണ്ടും വളരെയധികം നേട്ടങ്ങളുണ്ടായിട്ടുണ്ട്,' അരുന്ധതി റോയ് പറഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം ലക്കത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിഷയത്തിൽ അരുന്ധതി റോയി പ്രതികരിച്ചത്.

'ദ ഗോഡ് ഓഫ് സ്‌മോൾ തിങ്ങ്‌സിൽ' കമ്യൂണിസ്റ്റ് പാർട്ടിയെ ഞാൻ വിമർശിച്ചത് ജാതിപരമായ പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള അതിന്റെ കഴിവില്ലായ്മ കൊണ്ടാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

ബിജെപിക്ക് ഒറ്റ സീറ്റും ലഭിച്ചില്ലെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും അരുന്ധതി റോയ് പറഞ്ഞു.'എന്റെ സിസ്റ്റർ-ഇൻ-ലോ തെരഞ്ഞെടുപ്പ് സമയത്ത് 'ബിജെപി=ആനമുട്ട' എന്ന മെസേജ് അയച്ചപ്പോൾ മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നി,' അരുന്ധതി റോയ് പറഞ്ഞു. കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.