തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭായോഗ തീരുമാനിച്ചിരിക്കുകയാണ്. വൈദ്യുതി വകുപ്പു മന്ത്രി ആയിരിക്കെ ആര്യാടൻ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ്. നായരുടെ പരാതിയാണ് അടിസ്ഥാനം.വിജിലൻസ് അന്വേഷണം നടത്തുന്നതിന് മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

അതേസമയം, വിജിലൻസ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിതെന്ന് ആര്യടൻ മുഹമ്മദ് പറഞ്ഞു. തനിക്ക് ആരും ഒരു കൈക്കൂലിയും തന്നിട്ടുമില്ല, താൻ വാങ്ങിയിട്ടുമില്ല. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലൻസ് അന്ന് അന്വേഷിച്ചത്. സരിതക്ക് ഒരു സഹായവും താൻ ചെയ്തുകൊടുത്തിട്ടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒരു ആശങ്കയുമില്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.

പരാതിയിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് വേണ്ടി മുൻകൂർ അനുമതിക്കായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്തത്. കേസിൽ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി അനിവാര്യമാണ്