മുംബൈ: മയക്കുമരുന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കോടതിയിൽ. ജാമ്യാപേക്ഷ പരിഗിണിക്കുന്നതിനു മുമ്പായി ആര്യൻ ഖാൻ യിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. പണം നൽകി ഒത്തുതീർപ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യൻ ഖാൻ നിഷേധിച്ചു.

എൻ.സി.ബി ഉദ്യോഗസ്ഥരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാംഖഡേയ്ക്ക് എതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യൻ ഖാൻ പറയുന്നു.

'സമീർ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകർ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല', ആര്യൻ ഖാന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം നൽകിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാംഖഡേയ്ക്ക് എതിരെ മഹാരാഷ്ട്ര എൻ.സി.പി മന്ത്രി നവാബ് മാലിക് ഉയർത്തുന്ന ആരോപണങ്ങളിലോ എൻ.സി.പിയും ശിവസേനയും ഈ കേസിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങളിലോ തനിക്ക് ഒരു പങ്കുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നേരത്തെ ഹൈക്കോടതിയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻ.സി.ബി ആരോപിച്ചത്.

ആര്യൻ ഖാന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധം തെളിയിക്കാനായി കൂടുതൽ സമയം ആവശ്യമാണെന്ന് എൻ.സി.ബി കോടതിയിൽ ആവശ്യപ്പെട്ടു. ആര്യൻ ഖാനും കുടുംബത്തിനും സമൂഹത്തിലുള്ള സ്വധീനം കണക്കിലെടുത്താൽ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യ നൽകരുതെന്നും എൻ.സി.ബി വാദിച്ചു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം തുടരുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനുവേണ്ടി ഹാജരാകുന്നത്.

എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു.കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് സമീർ വാങ്കഡ കത്ത് നൽകിയിരുന്നു.

സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും എൻസിബി വ്യക്തമാക്കിയിരുന്നു.

പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീർ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു.

കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‌ലിന്റെ വെളിപ്പെടുത്തൽ.

അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.

എൻസിബി മുംബൈ മേധാവി സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങൾ പ്രതികളായ കേസുകളിൽ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടതിന് തെളിവായി എൻസിബി ഉദ്യോഗസ്ഥൻ അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു. ബോളിവുഡ് താരങ്ങളിൽനിന്ന് സമീർ വാങ്കഡെ പണം തട്ടിയതായും നവാബ് ആരോപിച്ചു.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യ ഹർജി ബോംബെ ഹൈക്കോടതി പരിണിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ ആക്രമണം കനപ്പിച്ച് നവാബ് മാലിക് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങൾ പ്രതികളായ കേസുകൾ ഉൾപ്പെടെ 26 കേസുകളിൽ വാങ്കഡെ നിയവിരുദ്ധമായി ഇടപെട്ടെന്ന് അദ്ദേഹം ആരോപിച്ചു. 

നവാബ് മാലിക് പുറത്തുവിട്ട കത്ത് ലഭിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എൻസിബി ഡയറക്ടർ ജനറൽ അറിയിച്ചു. ആര്യനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ വാങ്കഡെയും മറ്റ് ചിലരും ചേർന്ന് ഷാറുഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ ഒരു സാക്ഷി വിചാരണക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിൽ എൻസിബിയുടെ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

 

വാങ്കഡെ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ജോലി നേടിയതെന്ന ആരോപണവും കഴിഞ്ഞ ദിവസം നവാബ് മാലിക് ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിമരുന്ന് കേസിലെ അന്വേഷണത്തിൽ സമീർ വാങ്കഡെയെ മാറ്റിയേക്കുമെന്നാണ് സൂചന. ഇതിനിടെ വാങ്കഡെ എൻസിബിയുടെ ഡൽഹി ആസ്ഥാനത്തെത്തി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി.