തിരുവനന്തപുരം: അനുപമയ്ക്ക് ശേഷം സ്വന്തം കുഞ്ഞിനെ തേടി ഭരണകൂട വാതിലുകൾ മുട്ടി തിരുവനന്തപുരത്ത് മറ്റൊരമ്മയും. കുട്ടിയെ കാണാനെന്ന വ്യാജേനെ വീട്ടിലെത്തിയ പിതാവ് നാലുവയസുകാരനെയും കൊണ്ട് ബൈക്കിൽ കടന്നുകളഞ്ഞുവെന്ന പരാതിയുമായി അമ്മ രംഗത്ത്. ബാംഗ്ലൂർ മലയാളിയായ നന്ദകുമാറിനെതിരെ ഭാര്യ ആര്യങ്കോട് സ്വദേശി ചിത്രയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നന്ദകുമാറിനൊപ്പം എത്തിയ അയാളുടെ സഹോദരൻ പൊലീസ് പിടികൂടിയെങ്കിലും കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് കേസിനാസ്പദമായ നാടകീയമായ സംഭവം നടന്നത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ചിത്ര. ഭർത്താവുമായി പിരിഞ്ഞ് മകനോടൊപ്പമാണ് കഴിഞ്ഞ എട്ട് മാസമായി ചിത്ര ആര്യങ്കോടുള്ള വീട്ടിൽ താമസിക്കുന്നത്. തിങ്കളാഴ്‌ച്ച മകന്റെ നാലാം ജന്മദിനമായിരുന്നു. അതിനോടനുബന്ധിച്ച് നന്ദകുമാർ ഒരു കേക്ക് ഓർഡർ ചെയ്തിരുന്നു. രാത്രി ഒമ്പത് മണിയോടെ ആ കേക്ക് വീട്ടിലെത്തി.

പിറ്റെന്ന് രാവിലെ 11 മണിയോടെയാണ് നന്ദകുമാർ സഹോദരനോടൊപ്പം കുട്ടിയെ കാണണമെന്ന ആവശ്യവുമായി വീട്ടിലെത്തുന്നത്. കുട്ടിയെ എടുത്തുകൊണ്ട് നന്ദകുമാർ ബൈക്കിലേയ്ക്ക് കയറുമ്പോൾ ബൈക്ക് യാത്ര ഇഷ്ടമായ മകനെ വച്ചുകൊണ്ട് ചെറിയദൂരം ഓടിക്കാനാണെന്നാണ് കരുതിയതെന്നാണ് ചിത്ര പറയുന്നത്. നന്ദകുമാറിന്റെ സഹോദരൻ അവിടെ ഇരിക്കുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ മകനെയും കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തുപോയ നന്ദകുമാർ പിന്നീട് തിരിച്ചുവന്നില്ലെന്ന് ചിത്ര പറയുന്നു.

അസ്വാഭാവികത തിരിച്ചറിഞ്ഞ ഉടനെ തന്നെ ചിത്ര ആര്യങ്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുകയും അവർ നന്ദകുമാറിനെ ബന്ധപ്പെടുകയും ചെയ്തു. കുട്ടിയേയും കൊണ്ട് വസ്ത്രമെടുക്കാൻ വന്നതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് അയാൾ മറുപടി നൽകിയത്. അതിന് ശേഷം അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അയാൾ സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത ബൈക്ക് കാട്ടാക്കടയ്ക്ക് സമീപം മംഗലയ്ക്കൽ നിന്നും പൊലീസ് കണ്ടെത്തി. അവിടെ നിന്നും അയാൾ ബസിൽ കയറിയെന്നാണ് കരുതുന്നത്.

റെന്റ് എ ബൈക്കിൽ എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. സഹോദരനെ ചിത്രയുടെ വീട്ടിൽ ഇരുത്തിയ ശേഷമായിരുന്നു മകനുമായി പോയത്. അതുകൊണ്ട് തന്നെ തിരിച്ചു വരുമെന്ന് തന്നെ ഏവരും കരുതി. എന്നാൽ മൊബൈൽ സ്വച്ച് ഓഫായതോടെ സംഭവത്തിന്റെ ഗൗരവം പൊലീസിനും മനസ്സിലായി. ഇതോടെ അന്വേഷണവും വ്യാപകമാക്കി. കണ്ണൂരിലെ തളിപ്പറമ്പാണ് നന്ദകുമാറിന്റെ വീട്. ഇവിടേയും കുട്ടിയെ തേടി പൊലീസ് എത്തി. പക്ഷേ തുമ്പൊന്നും കിട്ടിയിട്ടില്ല.

കുട്ടിയെ കൊണ്ടുപോകുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും കുട്ടിയെ കാണാനെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടുവന്നതെന്നുമാണ് സഹോദരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച സഹോദരനെ ഇന്നലെ പൊലീസ് ജാമ്യത്തിൽവിട്ടു. നന്ദകുമാറിന് ചില സ്വഭാവവൈകൃതങ്ങളുണ്ടെന്നും അതിനാലാണ് അയാൾ കുട്ടിയെ കൊണ്ടുപോകുന്നതിൽ ഭയമെന്നും കുട്ടിയുടെ അമ്മ ചിത്ര മറുനാടനോട് പറഞ്ഞു. ആര്യങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലും ബാംഗ്ലൂരിലും തിരച്ചിൽ നടത്തുന്നുണ്ട്.

നന്ദകുമാറിനെ പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നും സിഐ അറിയിച്ചു. നന്ദകുമാറിന് കുതിര പന്തയത്തിലും അതിന് സമാനമായ പല പണ ഇരട്ടിപ്പിലും പങ്കുണ്ടെന്ന് ചിത്ര പറയുന്നു. ഇതാണ് അമ്മയുടെ ആശങ്കയ്ക്ക് കാരണം. തളിപ്പറമ്പിലെ വീട്ടുകാർക്കും നന്ദകുമാറിനെ പറ്റി ഒന്നും അറിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.