ലണ്ടൻ: ക്രിക്കറ്റിന്റെ നഷ്ടം ടെന്നീസിന്റെ നേട്ടമായ കഥയാണ് ഇത്തവണത്തെ വിംബിൾഡൺ ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിക്ക് കായിക ലോകത്തോട് പറയാനുള്ളത്. പറഞ്ഞുവരുമ്പോൾ മനസിലാകും അതു വെറും കഥയല്ല, ജീവിതമാണെന്ന്.

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ബ്രിസ്‌ബേൻ ഹീറ്റ്‌സിനായി ബാറ്റുവീശിയത് ടെന്നീസ് റാക്കറ്റ് പിടിച്ചപ്പോഴുള്ള അതേ ചടുലതയോടെ, കൃത്യതയോടെ. ടെന്നീസിൽ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിട്ടുണ്ട് ആഷ്‌ലി ബാർട്ടി.

ടെന്നീസ് റാക്കറ്റ് പിടിക്കുന്ന അതേ അനായാസയതോടെ ക്രിക്കറ്റ് ബാറ്റ് പിടിക്കാനും കളിക്കാനും കഴിയുമെന്നും തെളിയിച്ചു. 2014ൽ ബ്രിസ്‌ബേൻ ഹീറ്റ്‌സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്‌കോർ 39 ആണ്.

പിന്നീട് ടെന്നീസാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും ടെന്നീസിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.

ആവേശകരാമായ ദിവസങ്ങളായിരുന്നു അതെന്നായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെക്കുറിച്ച് ബാർട്ടി 2019ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അന്നത്തെ ക്രിക്കറ്റ് ടീം അംഗങ്ങളുമായി ഇപ്പോഴും ആത്മബന്ധം തുടരുന്നുണ്ടെന്നും ബാർട്ടി പറഞ്ഞിരുന്നു.

ബ്രിസ്‌ബേൻ ഹീറ്റ്‌സിലെ ക്രിക്കറ്റ് താരത്തിൽ നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരമായുള്ള ബാർട്ടിയുടെ വളർച്ച ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്.

ഓപ്പൺ യുഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്‌ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. മാർഗരറ്റ് കോർട്ടും, ഗൂലാഗോംഗ്, കൗളിയുമാണ് ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.