ഗുവാഹത്തി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ വീടിന് പുറത്തിറങ്ങരുതെന്ന് അസം സർക്കാർ. വാക്സിൻ സ്വീകരിക്കാത്തവരെ ഓഫീസുകളിലും റസ്റ്ററന്റുകളിലും പൊതു പരിപാടികളിലും കയറ്റില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പത്രസമ്മേളനത്തിൽ പറഞ്ഞു.

'ആവശ്യമെങ്കിൽ വാക്സിൻ സർട്ടിഫക്കറ്റ് കാണിക്കേണ്ടിവരും. പൊതുജന വിരുദ്ധ പ്രവർത്തനങ്ങൾ അസമിൽ അനുവദിക്കില്ല'-ശർമ പറഞ്ഞു. ഒരാവശ്യത്തിനും വാക്സിൻ സർട്ടിഫക്കറ്റ് നിർബന്ധമല്ലെന്നും വാക്സിനെടുക്കാൻ ജനങ്ങളെ നിർബന്ധിക്കില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ ജനുവരി 16മുതൽ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് അസം മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അസമിൽ ഇതുവരെ നാലുകോടി ജനങ്ങൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന്റെ ഭാഗമായി, 7,67,253പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. 56,000പേർക്ക് കരുതൽ ഡോസും നൽകി.

ഇതുവരെ അസമിൽ 653,717പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6,217പേർ മരിച്ചു. 622,205പേർ രോഗമുക്തരായി. 23,948പേരാണ് ചികിത്സയിലുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് രാത്രികാല കർഫ്യു നിലനിൽക്കുന്നുണ്ട്.