ഗുവാഹത്തി: അസമിൽ പൗരത്വ പ്രശ്നവും തോട്ടം തൊഴിലാളികളുടെ വേതനവും തെരഞ്ഞെടുപ്പ് വിഷയമാക്കി രാഹുൽ ​ഗാന്ധി. തങ്ങൽ അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, തേയില തൊഴിലാഴികൾക്ക് വേതനം കൂട്ടുമെന്നും ഉറപ്പ് നൽകി. അസം ജനതയുടെ കാതലായ പ്രശ്നങ്ങളെ അഡ്രസ് ചെയ്തായിരുന്നു രാഹുൽ ​ഗാന്ധി അസമിലെ ശിവസാഗറിൽ കോൺഗ്രസ് സംഘടിപ്പിച്ച​ റാലിയിൽ സംസാരിച്ചത്.

സി.‌എ‌.എ വിരുദ്ധ മുദ്രാവാക്യം എഴുതിയ ഷാൾ ധരിച്ചാണ്​ രാഹുലും മറ്റ് കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പ​ങ്കെടുത്തത്​. 'ഞങ്ങൾ ധരിച്ച ഷാളിൽ സി.എ.എ എന്ന്​ എഴുതിയത്​ തടഞ്ഞിട്ടുണ്ട്​. അതിനർഥം, സാഹചര്യം എന്ത്​ തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന്​ തന്നെയാണ്​. 'നാം രണ്ട്​ നമുക്ക്​ രണ്ട്​' ശ്രദ്ധിച്ച്​ കേ​ട്ടോളൂ, സി.എ.എ ഇവിടെ നടപ്പാക്കില്ല. ഒരിക്കലും നടപ്പാക്കില്ല.'' -രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്​സഭയിൽ നടത്തിയ പ്രസംഗത്തിൽ 'മോദി -അമിത് ഷാ, അംബാനി -അദാനി' ബന്ധത്തെകുറിച്ച്​ രാഹുൽ തൊടുത്തുവിട്ട 'നാം രണ്ട്​, നമുക്ക്​ രണ്ട്' ('ഹം ദോ ഹമാരേ ദോ') ​പരാമർശമാണ്​ അസമിലും അദ്ദേഹം ആവർത്തിച്ചത്​.

അസം കരാറിലെ തത്വങ്ങൾ കോൺഗ്രസ്​ സംരക്ഷിക്കുമെന്നും അതിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ബിജെപിയും ആർ‌.എസ്‌.എസും അസമിനെ ഭിന്നിപ്പിക്കാനാണ്​ ശ്രമിക്കുന്നത്​. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇത് ബാധിക്കില്ലായിരിക്കും. പക്ഷേ, അസമിനെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അസമിലെ ജനങ്ങളെ കോൺഗ്രസ് ഒന്നിപ്പിച്ചു. പണ്ട്​ പൊതുയോഗങ്ങളിൽ പ​ങ്കെടുക്കുന്നവർ അക്രമം കാരണം നാട്ടിലേക്ക് മടങ്ങുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു" അദ്ദേഹം പറഞ്ഞു.

അസമിലെ തേയില തോട്ടം തൊഴിലാളികളെ ​ചൂഷണം ചെയ്യുന്നത്​ അവസാനിപ്പിക്കുമെന്നും മികച്ച വേതനം ഉറപ്പുവരുത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 167 രൂപയിൽ നിന്ന് 365 രൂപയായി വേതനം ഉയർത്തുമെന്നാണ് തൊഴിലാളികൾക്ക് അദ്ദേഹം നൽകിയ ഉറപ്പ്. " 167 രൂപ ഉപയോഗിച്ച് നിങ്ങൾക്ക് എന്ത് വാങ്ങിക്കാൻ പറ്റും ? നിങ്ങളുടെ വേതനം 365 രൂപയായി ഉയർത്തുമെന്ന് തേയിലത്തൊഴിലാളികളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, " രാഹുൽ ഗാന്ധി പറഞ്ഞു. വേതനം കൂട്ടണമെന്നത് തേയില കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ്.ചടങ്ങിൽ പുൽവാമ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ആദരാഞ്ജലി അർപ്പിക്കുകയും മൗന പ്രാർത്ഥന നടത്തുകയും ​ചെയ്തു.