ചെന്നൈ : സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തമിഴ്‌നാട്ടിലെ കോൺഗ്രസിലും പൊട്ടിത്തെറി. തമിഴ്‌നാട്ടിലെ കോൺഗ്രസ് ആസ്ഥാനത്ത് എംപിയുടെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങി. ആറണി എംപി എം.കെ വിഷ്ണുപ്രസാദും അനുയായികളുമാണ് സത്യമൂർത്തി ഭവനിൽ പ്രതിഷേധിക്കുന്നത്.

പാർട്ടിയുമായി കാര്യമായ ബന്ധമില്ലാത്തവർക്കും സീറ്റ് നൽകിയെന്നാണ് ആക്ഷേപം. കേരളത്തിലെ പോലെ തന്നെ തർക്കങ്ങളെത്തുടർന്ന് തമിഴ്‌നാട്ടിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

25 സീറ്റുകളാണ് ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസിന് നൽകിയിരിക്കുന്നത്. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥിയാകും മത്സരിക്കുക.

കോൺഗ്രസ് 45 സീറ്റുകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 234 സീറ്റുകളാണ് തമിഴ്‌നാട് നിയമസഭയിൽ ഉള്ളത്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.