ബരിമല യുവതിപ്രവേശന വിഷയത്തിൽ സെപ്റ്റംബർ 28 ന്റെ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ,വിധി ഈ വരുന്ന 22 നു പുനഃപരിശോധിക്കാനിരിക്കെ ആ കോടതിവിധിയുടെ അന്തസത്തയ്ക് വിരുദ്ധമായി നിശയുടെ അന്ത്യയാമത്തിൽ അവിശ്വാസികളും അരാജകവാദികളുമായ രണ്ട് ആക്ടിവിസ്‌റ് യുവതികളെ കനത്ത പൊലീസ് വലയത്തിൽ വേഷ പ്രച്ഛന്നരാക്കി പിൻവാതിലിലൂടെ സന്നിധാനത്തു പ്രവേശിപ്പിച്ചു കേരളസർക്കാർ ആചാരലംഘനം നടത്തിയിരിക്കുന്നു.

നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളെ പരസ്യമായി അപകീർത്തിപ്പെടുത്തിയതിൽ മനംനൊന്ത് നാമജപവുമായി ഭക്തജനങ്ങളോടൊപ്പം തെരുവിലിറങ്ങിയ ഒരു അയ്യപ്പ ഭക്തനെ അധികാരത്തിന്റെ അകമ്പടിയോടെ സ്വന്തം പാർട്ടിക്കാരെകൊണ്ട് തെരുവ് നായയെപ്പോലെ കല്ലെറിഞ്ഞു ദാരുണമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുന്നു. നവോഥാനത്തിനായി വനിതാ മതിൽ നിർമ്മിച്ച കേരളസമൂഹത്തിന്റെ ക്രൂരമായ മറ്റൊരു മുഖവും ഭരണകൂട ഭീകരതയുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊന്ന് കൊലവിളി നടത്തിയതിനു ശേഷവും തീരാത്ത രക്തദാഹവുമായി അക്രമി സംഘങ്ങൾ കേരളം മുഴുവൻ നിറഞ്ഞാടുകയാണ്. ജനാധിപത്യം നൽകുന്ന പ്രവർത്തന സ്വാതന്ത്ര്യം ഉപയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ജീപ്പ് ഇടിപ്പിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു ആശുപത്രിയിലാക്കിയ സംഭവം സ്റ്റാലിനിസ്റ്റ് ഏകാധിപത്യത്തിന്റെ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്.

പ്രതിഷേധിക്കുന്ന പ്രതിപക്ഷ കക്ഷികളെയും സാമൂഹ്യ സംഘടനാ പ്രവർത്തകരെയും മർദിച്ചൊതുക്കാൻ പാർട്ടിയുടെ അക്രമി സംഘങ്ങളെ രംഗത്തിറക്കുന്ന ആപത്കരമായ സ്ഥിതിവിശേഷം സത്വരമായി അവസാനിപ്പിക്കേണ്ടതാണ്. കല്ലെറിയൽ ഉൾപ്പെടെയുള്ള കാട്ടാള നീതിയെ നവോഥാനമെന്നു വാഴ്‌ത്തിപ്പാടി ചില സാഹിത്യ നപുംസകങ്ങളും വാലാട്ടി, വാതുവയ്ക്കുന്നു.

ചരിത്രത്തിൽ ഒരിക്കലും ജാതി ഭേദമോ മത ദ്വേഷമോ ഇല്ലാതെ മതമൈത്രിയുടെ മാതൃക സ്ഥാനമായി തുടരുന്ന ശബരിമലയുടെ പേരിൽ ലിംഗ സമത്വവും ജാതി വിദ്വേഷങ്ങളും മത വൈരവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിത്തിരുകി കേരളത്തെ കലാപഭൂമിയാക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. കച്ചവടം കാലക്ഷേമമാക്കിയ ഒരു പറ്റം മാധ്യമ സംഘങ്ങളും എരിതീയിൽ എണ്ണയൊഴിച്ചു മൃഗയാ വിനോദം നടത്തുന്നു.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന അക്രമപരമ്പരകളും ഭരണകൂട ഭീകരതയും ഉടനടി അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ പ്രതിനിധി കേരള ഗവർണറും ഇടപെടണമെന്ന് അമേരിക്കയിലെ അയ്യപ്പ വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും സംയുക്ത കൂട്ടായ്മയായ സേവ് ശബരിമല യൂ എസ് എ കർമ്മസമിതി ആവശ്യപ്പെട്ടു.ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് നൂറുകണക്കിന് ഇമെയിൽ സന്ദേശങ്ങൾ ഇന്ത്യൻ പ്രസിഡന്റിനും കേരള ഗവർണർക്കും അയച്ചു വരുന്നതായും കർമ്മസമിതി അറിയിച്ചു.