ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആസ്റ്റൺ വില്ലയുടെ പുതിയ പരിശീലകനായി സ്റ്റീവൻ ജെറാർഡ്. ഇംഗ്ലണ്ടിന്റേയും ലിവർപൂളിന്റേയും മുൻ നായകനായ ജെറാൾഡിനെ ഡീൻ സ്മിത്തിന്റെ പകരക്കാരനായാണ് നിയമിച്ചത്.

ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായിരുന്ന ഡീൻ സ്മിത്തിനെ ക്ലബ്ബ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ജെറാർഡിനെ പുതിയ പരിശീലകനായി ടീം അധികൃതർ കൊണ്ടുവന്നത്.

കഴിഞ്ഞ മൂന്നു വർഷമായി സ്‌കോട്ടിഷ് ടീം റെയ്ഞ്ചേഴ്സിന്റെ കോച്ചായിരുന്നു ജെറാർഡ്. റെയ്ഞ്ചേഴ്സിന് സ്‌കോട്ടിഷ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് ജെറാർഡ് ഇപിഎല്ലിലെത്തുന്നത്.

നിലവിൽ 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നു വിജയം മാത്രം അക്കൗണ്ടിലുള്ള ആസ്റ്റൺവില്ല 10 പോയിന്റുമായി 16-ാം സ്ഥാനത്താണ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടു. നിലവിൽ തരംതാഴ്‌ത്തൽ ഭീഷണിയിലാണ് ടീം.

1998 മുതൽ 2015 വരെ ലിവർപൂൾ ജഴ്സിയിൽ കളിച്ച ജെറാർഡ് 504 മത്സരങ്ങളിൽ നിന്ന് 120 ഗോളുകൾ നേടി. ഇംഗ്ലണ്ടിനായി 114 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി. 2000 മുതൽ 14 വർഷക്കാലമാണ് ഇംഗ്ലണ്ടിനായി കളിച്ചത്.