ആലപ്പുഴ: രോഗമല്ല, ഒറ്റപ്പെടുത്തലാണ് മനസ്സിനെ കൂടുതൽ വേദനിപ്പിച്ചതെന്ന് കോവിഡ് ബാധിതയായ വയലാർ സ്വദേശിനി. ഇവരുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ കേരളസമൂഹത്തിനുതന്നെ അപമാനമാണെന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വയലാർ സ്വദേശിനി പറഞ്ഞു. രോഗസാധ്യതകണ്ടപ്പോൾമുതൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണ് കുടുംബംമുഴുവനും കഴിഞ്ഞത്. എന്നിട്ടും അരുതാത്തത് സംഭവിക്കുന്നത് കേരളസമൂഹത്തിനുതന്നെ അപമാനമാണ്- അവർ പറഞ്ഞു.

വയലാർ ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ കോവിഡ്ബാധിച്ചവരുടെ വീടിനുനേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ചരാത്രി ഒൻപതോടെ വീടിനു കല്ലെറിയുകയായിരുന്നു. ജനാലച്ചില്ലുതകർന്നു. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് അയൽപക്കത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ആക്രമിക്കപ്പെട്ട വീട്ടിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കളവംകോടംഭാഗത്തുള്ള മൂന്നുബന്ധുക്കൾക്കും രോഗംപോസിറ്റീവായി. ഇതിൽ വീട്ടമ്മയെ വെള്ളിയാഴ്ച ആശുപത്രിയിലേക്കുമാറ്റാൻ ആംബുലൻസ് കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. നേരത്തേ രോഗംസ്ഥിരീകരിച്ചവർ ആശുപത്രികളിൽ ചികിത്സയിലാണ്. വീട്ടമ്മയും മകനുംമാത്രം വീട്ടിലുള്ളപ്പോഴാണ് കല്ലേറുനടന്നത്. മകൻ വാട്ട്‌സാപ്പുവഴി നൽകിയ സന്ദേശംകണ്ടാണ് പൊലീസ് അന്വേഷണം നടത്തിയത്. ആരോഗ്യവകുപ്പ് വിവരം ജില്ലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തും നടപടികൾക്കായി അധികൃതരെ സമീപിച്ചു. അന്വേഷണം നടന്നുവരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ചേർത്തല പൊലീസ് പറഞ്ഞു.