ബംഗളൂരു: മലയാള സിനിമാ പ്രദർശിപ്പിച്ചുവന്നിരുന്ന തിയേറ്ററിനു നേരേ ഞായറാഴ്ച കന്നട സംഘടനാ പ്രവർത്തകരുടെ ആക്രമണം. ശിവാജി നാഗറിലെ സംഗീത് തിയേറ്ററിനു നേരെയാണ് കന്നഡ രാജ്യോത്സവ ദിനത്തിൽ സംഘം ആക്രമണം അഴിച്ചുവിട്ടത്. സ്ഥിരമായ ഇവിടെ മലയാള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുവെന്നായിരുന്നു സംഘത്തിന്റെ ആരോപണം. ആക്രമണത്തെ തുടർന്ന് ചലച്ചിത്ര പ്രദർശനം നിർത്തിവയ്ക്കാൻ തിയേറ്ററുടമകൾ നിർബന്ധിതരായി.

എന്നാൽ സംഭവത്തിന് സാക്ഷികളായി പൊലീസുകാർ നോക്കി നിൽപ്പുണ്ടായിരുന്നുവെങ്കിലും അക്രമികളെ തടഞ്ഞില്ലെന്ന് ആരോപണമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പ്രദർശനം ആരംഭിക്കുന്നതിനുമുൻപായി മുദ്രാവാക്യം വിളിച്ചെത്തിയ ഇരുപതോളംപേർ തിയേറ്റർ വളപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലയാളം സിനിമാപോസ്റ്ററുകൾ സംഘം വലിച്ചുകീറി. തിയേറ്ററിലെ ചില ഉപകരണങ്ങൾക്കും കേടുപാടുകൾവരുത്തി. തിയേറ്ററിൽ ഇനി മലയാളം ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നും സിനിമ കാണാനെത്തിയവർ മടങ്ങിപ്പോകണമെന്നും ഇവിടെയുണ്ടായിരുന്നവരോട് ഇവർ ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

പുതുതായി റിലീസ് ചെയ്ത രണ്ട് മലയാളചലച്ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചത്. ഞായറാഴ്ചയായതിനാൽ നിരവധി  മലയാളികൾ സിനിമ കാണാനെത്തിയിരുന്നു. പ്രദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം തിരികെ നൽകാൻ അധികൃതർ തയാറാകാഞ്ഞത് ചെറിയ രീതിയിലുള്ള വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു. തുടർന്ന തിങ്കളാഴ്ച പ്രദർശനമുണ്ടായിരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. ഈ തിയേറ്ററിൽ വർഷങ്ങളായി മലയാള സിനിമ സ്ഥിരമായി പ്രദർശിപ്പിച്ചു വരികയായിരുന്നു.