തൊടുപുഴ: മറയൂരിൽ ആക്രമണത്തിനിരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഗുരുതരമായി പരുക്കുപറ്റി ചികിത്സയിൽ കഴിയുന്ന ഇടുക്കി മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിനു തുടർച്ചികിത്സ ആവശ്യമായതിനാൽ സഹായിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം മാധ്യമങ്ങളിലുടെ സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പോൾ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവിൽ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീർഘകാലം ചികിത്സ തുടരേണ്ടി വരും. ഈ ആവശ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. തിങ്കളാഴ്‌ച്ച ലോക്ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരിലാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. അക്രമണത്തിൽ സിപിഒ അജീഷിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. പ്രതി സുലൈമാനെ അറസ്റ്റു ചെയ്തു. ഇടുക്കി മറയൂർ കോവിക്കടവ് സ്വദേശിയാണ് സുലൈമാൻ.

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. മാസ്‌ക് ധരിക്കാത്തതിനെ പറ്റി ചോദിച്ചപ്പോൾ സുലൈമാൻ പൊലീസുകാരോടു തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അടുത്തെത്തി കാര്യം തിരക്കിയ സിഐ രതീഷിനെ സുലൈമാൻ കല്ലെടുത്ത് തലയ്ക്കടിച്ചു.

ഇതു തടയാനെത്തിയ സിപിഒ അജീഷിനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നു പൊലീസ് പറയുന്നു. തലയോട്ട് പൊട്ടലേറ്റ അജിഷിന്റെ തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് ശ്‌സ്ത്രക്രിയ നടത്തിയത്.പ്രതിയെ മറ്റുള്ള പൊലീസുകാർ ചേർന്ന് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടു പൊലീസുകാരെയും പ്രാഥമിക ചികിത്സയ്ക്കായി മറയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.