ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ ജമ്മു കശ്മീരിൽ ഭീതി പടർത്താനുള്ള ശ്രമവുമായി ഭീകരർ. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വീണ്ടും ആക്രമണം നടത്തി. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിഐഎസ്എഫ് സംഘത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. 15 അംഗ സംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സിഐഎസ്എഫ് ഛദ്ദാ ക്യാമ്പിന് സമീപം രാവിലെ 4.25 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്.സിഐഎസ്എഫ് എഎസ്ഐ ആണ് ആക്രമണത്തിൽ വീരമൃത്യുവരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

അതേസമയം സുൻജ്വാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തിരിച്ചടിച്ച സൈന്യം ആറ് ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ.ശക്തമായ പ്രത്യാക്രമണത്തിൽ ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.ജമ്മുവിലെ സുൻജ്വാൻ കൻോൺമെന്റ് മേഖലയിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.നഗരത്തിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്.

15 സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസിനെ ആക്രമിക്കാനാണ് ഭീകരർ പദ്ധതിയിട്ടതെന്ന് സിഐഎസ്എഫ് അറിയിച്ചു.തീവ്രവാദികളുടെ ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് ജീവൻ നഷ്ടമായതായും സിഐഎസ്എഫ് അറിയിച്ചു.വലിയ തോതിലുള്ള ആക്രമണമാണ് തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു അവരുടെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് മോദി ജമ്മുവിൽ എത്തുക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഇന്നലെ രാവിലെ മുതൽ ബാരാമുള്ള ജില്ലയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ നാലു ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ലഷ്്കർ ഇ തോയ്ബ കമാൻഡർ ഉൾപ്പെടെയുള്ള ഭീകരരെയാണ് വധിച്ചത്. തലയ്ക്ക് വില പറഞ്ഞ പത്തു പ്രമുഖ ഭീകരരിൽ ഒരാളായ യൂസഫ് കാൻട്രോയെയാണ് സൈന്യം വധിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു സന്ദർശനത്തിന് രണ്ടും ദിവസം മാത്രം ബാക്കിനിൽക്കേയാണ് ഭീകരാക്രമണം ഉണ്ടായത്.വിവിധ വികസനപദ്ധതികൾ നാടിന് സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിൽ എത്തുന്നത്. ഞായറാഴ്ചയാണ് അദ്ദേഹം കശ്മീരിൽ എത്തുക.ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.