തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ. സർക്കാരിന് മുന്നിൽ പ്രധാന നിർദേശങ്ങൾ കെജിഎംഒഎ മുന്നോട്ടുവച്ചു. അതേ സമയം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തെ നിലയിൽ എത്തിനിൽക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാകില്ലായെന്ന് ഐ.എം.എ പ്രതിനിധികൾ പ്രതികരിച്ചു.

എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ ക്യാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ് വിദഗ്ധ സമിതി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിൽ കെജിഎംഒഎ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് കെജിഎംഒഎ അക്രമങ്ങൾക്ക് എതിരെ രംഗത്തുവന്നത്. ഓഗസ്റ്റ് അഞ്ചിന് അർധരാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ച് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് എത്തിയ രണ്ടുപേർ ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

വരി നിൽക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ ജീവനക്കാർ തടഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്നാണ് ഡോക്ടർ ഇടപെട്ടത്. ഇവരോട് അപകടകാര്യം തിരക്കിയപ്പോഴാണ് സംഘം ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ സംഘം മർദിക്കുകയും ചെയ്തു.

വനിത ഡോക്ടർക്കെതിരെയുള്ള ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഈ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ കോവിഡ് കാലഘട്ടത്തിൽപ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നിൽക്കാനാവില്ലയെന്നും പത്രക്കുറിപ്പിൽ ഐ.എം.എ. വ്യക്തമാക്കി.

കോവിഡ് ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടർമാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആശുപത്രി ആക്രമണങ്ങൾക്കെതിരെ കേന്ദ്രനിയമം കൊണ്ടുവരുവാൻ കേന്ദ്രസർക്കാരിനോടും ഐ.എം.എ. ആവശ്യപ്പെടുന്നുണ്ട്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെ അപലപിക്കാൻ പോലും തയ്യാറാവാത്ത പൊതുസമൂഹത്തിന്റെ നിലപാട് തങ്ങളെ ഞെട്ടിക്കുന്നുവെന്നും മാനസിക പിൻബലം നൽകേണ്ട സമൂഹം കയ്യൊഴിയുന്നുവെന്ന അപകടകരമായ തോന്നൽ ഡോക്ടർമാരിൽ ഉണ്ടാകുന്നൂ എന്നുള്ളത് അത്യന്തം നിർഭാഗ്യകരമാമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി.ഗോപികുമാറും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.