ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് കണ്ണിന്റെ ചികിത്സയ്ക്കായി സുപ്രീം കോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചു. എന്നാൽ തിരുവനന്തപുരം റവന്യു ജില്ലയിൽ പ്രവേശിക്കില്ല എന്ന സത്യവാങ്മൂലം നൽകാൻ അനുശാന്തിയോട് സുപ്രീം കോടതി നിർദേശിച്ചു.

സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് അനുശാന്തിക്ക് സുപ്രീം കോടതി പരോൾ അനുവദിച്ചത്. മൂന്നര വയസ്സുള്ള സ്വന്തം മകളെയും, ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തിയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ സി കെ ശശി വാദിച്ചു. ഗുരുതരമായ ക്രൂരകൃത്യമാണ് നടത്തിയത്. ജയിലിൽ ചികത്സ നൽകുന്നുണ്ട്. അതിനാൽ പരോൾ അനുവദിക്കരുത് എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അനുശാന്തിക്ക് പരോൾ ലഭിക്കുന്നില്ല എന്ന് അഭിഭാഷകൻ വി കെ ബിജു സുപ്രീംകോടതിയിൽ വ്യക്താക്കി. ഒരു കണ്ണിന്റെ കാഴ്‌ച്ച പൂർണമായും നഷ്ടപ്പെട്ടു. ഇനിയും വൈകിയാൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകും. പരോൾ അനുവദിച്ച് നാട്ടിലെത്തിയാൽ ക്രമസമാധാന വിഷയങ്ങൾ ഉണ്ടാകും എന്ന സർക്കാർ വാദം തെറ്റാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.