തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും. കർശ്ശന കോവിഡ് നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഫെബ്രുവരി 27നാണ് പൊങ്കാലയെങ്കിലും ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും ചടങ്ങ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല. എന്നാൽ ഭക്തജനങ്ങൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പൊങ്കാലയിടാം.

പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. മകരം- കുംഭമാസത്തിലാണ് ആറ്റുകാൽ പൊങ്കാല ആചരിക്കുന്നത്. കുഭമാസത്തിലെ കാർത്തിക നാളിൽ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. ഒമ്പതാം ദിവസം പൂരം നാളിലാണ് ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ പൊങ്കാലസമർപ്പണം. പൊങ്കാല നടക്കുന്ന ദിവസം സ്ത്രീകൾക്കു മാത്രമാണ് പ്രവേശനം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടത്തുന്നതാണ് കണ്ണകി ചരിത്രം തോറ്റംപാട്ട്.

ദേവിയെ കുടിയിരുത്തുന്ന ആദ്യദിനം മുതൽ കണ്ണകിയുടെ കഥ പാട്ടുരൂപത്തിൽ പാടുന്നു. മധുരാനഗരിയെ, കണ്ണകിയുടെ നേത്രത്തിൽ നിന്നുള്ള കോപാഗ്നി വിഴുങ്ങുന്നതും, പാണ്ഡ്യരാജാവിന്റെ നാശവും പാടി നിർത്തുന്നതോടെ പൊങ്കാല തുടങ്ങും. കണ്ണകി ചരിത്രം തോറ്റം പാട്ടു പാടുന്നത് ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊങ്കാലക്കു ശേഷം അടുത്ത ദിവസം ഗുരുതിതർപ്പണത്തോടു കൂടിയാണ് ആറ്റുകാലിലെ ഉത്സവം സമാപിക്കുക.