ഓക്ലൻഡ്: വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ന്യൂസിലാൻഡിലെ പ്രധാന നഗരമായ ഓക്ലൻഡിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജെസീന്ത ആർഡനാണ് നഗരത്തിൽ ഏഴ് ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്ന് അറിയിച്ചത്. ഉറവിടമറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ച മുമ്പ് ഓക്ലൻഡിൽ മൂന്ന് ദിവസം ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു.

ഞായറാഴ്ച മുതലാണ് ലോക്ക്ഡൗൺ ആരംഭിക്കുന്നത്. അവശ്യ സാധനങ്ങൾക്കും ജോലിക്കുമല്ലാതെ ആർക്കും പുറത്തിറങ്ങാനാകില്ല. രാജ്യത്ത് ലെവൽ രണ്ട് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് ട്വന്റി20 ക്രിക്കറ്റ് നടക്കുമെന്നും കാണികളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഓക്ലൻഡിൽ മൂന്ന് ദിവസം ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു. യുകെ വേരിയന്റ് കോവിഡാണ് ഇവർക്ക് റിപ്പോർട്ട് ചെയ്തത്. ഇവർക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോൾ 12 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡിനെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടി ആഗോള പ്രശംസ നേടിയ രാജ്യമായിരുന്നു ന്യൂസിലാൻഡ്.