സിഡ്‌നി: ഇന്ത്യ - ഓസ്‌ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ കൗതുകം പകർന്ന് ഗാലറിയിൽ ഒരു വിവാഹ അഭ്യർത്ഥന. ഓസിസിനെതിരെ ഇന്ത്യ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ക്രിക്കറ്റ് ആരാധകർക്ക് വിരുന്നായി ആ കാഴ്ച എത്തിയത്. വിവാഹ അഭ്യർത്ഥന നടത്തിയത് ഇന്ത്യക്കാരനായ യുവാവ്. കഥാനായിക ഓസിസ് ആരാധിക.

ഇന്ത്യൻ ഇന്നിങ്‌സ് ഇരുപതാം ഓവർ പിന്നിടുന്നതിനിടെയാണ് രസകരമായ രംഗം അരങ്ങേറിയത്.  ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയ ഇന്ത്യൻ ആരാധകൻ മുട്ടുകുട്ടിനിന്ന് വിവാഹമോതിരം നീട്ടി. ഓസ്‌ട്രേലിയൻ ആരാധിക ആഹ്ലാദത്തോടെ സ്വീകരിച്ചതോടെ ഗാലറിയിൽ കരഘോഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മത്സരം കാണാൻ ഓസ്‌ട്രേലിയയിൽ ആരാധകർക്ക് അനുമതി നൽകിയിരുന്നത്. സ്‌റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിന്റെ പകുതിയോളം കാണികൾക്കാണ് അനുമതി ഉണ്ടായിരുന്നത്.

ക്രിക്കറ്റിന്റെ ആവേശച്ചൂടിനിടെ അരങ്ങേറിയ വിവാഹ അഭ്യർത്ഥനയുടെ വിഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ, ഗാലറിയിലെ ഈ ഇന്ത്യ ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.