ബ്രിസ്ബെയ്ൻ: ഇംഗ്ലണ്ടിനെതിരെ ഡിസംബർ എട്ടിന് ആരംഭിക്കുന്ന ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഗാബയിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. പുതിയ നായകൻ പാറ്റ് കമ്മിൻസിന്റെ കീഴിലാണ് ആഷസ് നിലനിർത്താൻ ഓസീസ് ഇറങ്ങുന്നത്.

മികച്ച ഫോമിലല്ലെങ്കിലും മിച്ചൽ സ്റ്റാർക്കിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചു. ആഭ്യന്തര മത്സരങ്ങളിൽ മികവ് കാണിച്ച ജെയ് റിച്ചാർഡ്സണ് അവസരം നൽകണമെന്ന് ഷെയ്ൻ വോൺ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അതതേസമയം ഇപ്പോൾ ടീമിനെ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് ഇംഗ്ലണ്ട് ക്യാപറ്റൻ ജോ റൂട്ട് പ്രതികരിച്ചു. ഇടങ്കയ്യൻ സ്പിന്നർ ജാക്ക് ലീച്ച് കളിക്കാനുള്ള സാധ്യതയെകുറിച്ച് മാത്രമാണ് ഇംഗ്ലീഷ് നായകൻ സൂചന നൽകിയത്.

ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം: ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, മാർണസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, ജോഷ് ഹേസിൽവുഡ്

ആഷസ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ഓസ്ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻ നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്നിന് പകരം അലെക്സ് ക്യാരി ടീമിലിടം നേടിയിരുന്നു.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ പ്രഖ്യാപിച്ചത്. ദീർഘമായ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ബൗളർ നായക സ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ബാറ്റർ സ്റ്റീവ് സ്മിത്ത് സഹനായകനാണ്.

ലൈംഗികാരോപണത്തെത്തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന പെയ്ൻ ഈയിടെ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് പിന്മാറിയിരുന്നു. പെയ്നിന് പകരം ടീമിലിടം നേടിയ ക്യാരി 2018 മുതൽ ഓസീസിനുവേണ്ടി കളിക്കുന്ന താരമാണ്. 45 ഏകദിനങ്ങളിലും 38 ട്വന്റി 20 മത്സരങ്ങളിലും ക്യാരി ഓസ്ട്രേലിയൻ കുപ്പായമണിഞ്ഞു.

15 അംഗ ടീം: പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, അലെക്സ് ക്യാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, മാർക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, നതാൻ ലിയോൺ, മിച്ചൽ നെസെർ, ജൈൽ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ