ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഓസ്ട്രേലിയയ്ക്ക് 158 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. 44 റൺസടിച്ച നായകൻ കീറോൺ പൊള്ളാർഡാണ് വിൻഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ജോഷ് ഹേസൽവുഡ് ഓസീസിനായി നാല് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസിസ് ആദ്യ എട്ട് ഓവറിൽ ഒരു വിക്കറ്റിന് 71 റൺസ് എന്ന നിലയിലാണ്. ഒൻപത് റൺസ് എടുത്ത നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റാണ് ഓസിസിന് നഷ്ടമായത്. മികച്ച തുടക്കമാണ് ഡേവിഡ് വാർണർ നൽകിയത്. 43 റൺസുമായി വാർണറും 17 റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനുവേണ്ടി ക്രിസ് ഗെയ്ലും എവിൻ ലൂയിസുമാണ് ഇന്നിങ്‌സിന് തുടക്കമിട്ടത്. ആദ്യ വിക്കറ്റിൽ ഇരുവരും 30 റൺസ് കൂട്ടിച്ചേർത്തു. രണ്ട് സിക്സുകൾ നേടിക്കൊണ്ട് ഗെയ്ൽ ഫോമിലേക്കുയരുമെന്ന് തോന്നിച്ചെങ്കിലും 15 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് ക്ലീൻ ബൗൾഡാക്കി. ഗെയ്ലിന് പകരം ക്രീസിലെത്തിയ നിക്കോളാസ് പൂരാനും പിടിച്ചുനിൽക്കാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത പൂരാനെ ജോഷ് ഹെയ്സൽവുഡ് മിച്ചൽ മാർഷിന്റെ കൈയിലെത്തിച്ചു.

പൂരന് പകരം ക്രീസിലെത്തിയ റോസ്റ്റൺ ചേസിനെ നിലയുറപ്പിക്കും മുൻപ് ഹെയ്സൽവുഡ് പുറത്താക്കി. രണ്ട് പന്തുകൾ മാത്രം നേരിട്ട് റൺസൊന്നുമെടുക്കാതിരുന്ന ചേസിനെ ഹെയ്സൽവുഡ് ക്ലീൻ ബൗൾഡാക്കി. ഇതോടെ വിൻഡീസ് 30 ന് പൂജ്യം വിക്കറ്റ് എന്ന നിലയിൽ നിന്ന് 35 മൂന്ന് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

ക്രീസിലൊന്നിച്ച ഷിംറോൺ ഹെറ്റ്മെയറും എവിൻ ലൂയിസും ചേർന്ന് വിൻഡീസിനെ 50 കടത്തി. എന്നാൽ സ്പിന്നർ ആദം സാംപയെ കൊണ്ടുവന്ന് ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. 29 റൺസെടുത്ത എവിൻ ലൂയിസിനെ സാംപ സ്റ്റീവ് സ്മിത്തിന്റെ കൈയിലെത്തിച്ചു.

നായകൻ കീറോൺ പൊള്ളാർഡിനെ കൂട്ടുപിടിച്ച് ഹെറ്റ്മെയർ സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 27 റൺസ് മാത്രമെടുത്ത താരത്തെ ഹെയ്സൽവുഡ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കൈയിലെത്തിച്ചു. ഇതോടെ വിൻഡീസ് 91 ന് അഞ്ച് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

ക്രീസിലൊന്നിച്ച പൊള്ളാർഡ്-ഡ്വെയ്ൻ ബ്രാവോ സഖ്യം ടീം സ്‌കോർ 100 കടത്തി. 15.1 ഓവറിലാണ് വിൻഡീസ് 100 റൺസിലെത്തിയത്. ബ്രാവോയും പൊള്ളാർഡും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ടീം സ്‌കോർ പതിയെ ഉയർന്നു. എന്നാൽ സ്‌കോർ 126-ൽ നിൽക്കേ 10 റൺസെടുത്ത ബ്രാവോയെ മടക്കി ഹെയ്സൽവുഡ് വീണ്ടും വിൻഡീസിനെ തകർച്ചയിലേക്ക് തള്ളിയിട്ടു.

ബ്രാവോയുടെ ഷോട്ട് ഡേവിഡ് വാർണർ കൈയിലൊതുക്കി. ബ്രാവോയുടെ വിരമിക്കൽ മത്സരം കൂടിയായിരുന്നു ഇത്. അവസാന ഇന്നിങ്സിൽ 12 പന്തുകളിൽ നിന്ന് 10 റൺസെടുത്ത് ബ്രാവോ മടങ്ങി. ടീം അംഗങ്ങളെല്ലാവരും ബ്രാവോയ്ക്ക് ആശംസകൾ നേർന്നു.

ബ്രാവോ മടങ്ങിയെങ്കിലും മറുവശത്ത് തകർത്തടിച്ച പൊള്ളാർഡ് ടീം സ്‌കോർ ഉയർത്താൻ ശ്രമിച്ചു. ആന്ദ്രെ റസ്സലാണ് ബ്രാവോയ്ക്ക് പകരം ക്രീസിലെത്തിയത്. ടീം സ്‌കോർ 143-ൽ നിൽക്കേ അവസാന ഓവറിൽ പൊള്ളാർഡിനെ ഗ്ലെൻ മാക്സ്വെല്ലിന്റെ കൈയിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വിൻഡീസിന്റെ ഏഴാം വിക്കറ്റ് വീഴ്‌ത്തി. 31 പന്തുകളിൽ നിന്ന് 44 റൺസെടുത്താണ് പൊള്ളാർഡ് മടങ്ങിയത്. അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിനെതിരെ രണ്ട് സിക്സ് നേടിയ ആന്ദ്രേ റസ്സൽ (18) സ്‌കോർ 150 കടത്തി. ജേസൺ ഹോൾഡർ റസ്സലിനൊപ്പം പുറത്താവാതെ നിന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

സെമി പ്രതീക്ഷ അസ്തമിച്ച വിൻഡീസ് ആശ്വാസ ജയം തേടിയാണ് ഇറങ്ങിയത്. സെമി സാധ്യത നിലനിർത്താൻ ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്. ജയിച്ചാൽ സെമി ഫൈനലിനോട് ഒരടി കൂടി അടുക്കും. ഇതോടെ, ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വൻ മാർജിനിൽ മറികടക്കേണ്ടി വരും.

വിൻഡീസ് ജേഴ്‌സിയിലെ അവസാന മത്സരത്തിനാണ് ഡ്വെയ്ൻ ബ്രാവോ ഇറങ്ങിയത്. ഈ മത്സരത്തോടെ ക്രിസ് ഗെയ്‌ലും വിരമിച്ചേക്കുമെന്നാണ് സൂചന. ഇരുവരേയും ജയത്തോടെ പറഞ്ഞയക്കാൻ വിൻഡീസ് ആഗ്രഹിക്കുന്നുണ്ട്.