സിഡ്‌നി: പതിനെട്ട് ദിവസങ്ങളിലായി തുടർന്ന ആശങ്കൾക്കൊടുവിൽ ഓസ്‌ട്രേലിയയുടെ നൊമ്പരമായ ക്ലീയോയെ തിരിച്ചുകിട്ടി.ഇന്നലെ പുലർച്ചെ ഒന്നിനു കർനാർവോണിലെ അടഞ്ഞുകിടന്ന വീടിൽ നിന്നുമാണ് നാലുവയസ്സുകാരിയെ പൊലീസ് കണ്ടെത്തിയത്. വീടിന്റെ പൂട്ടു തകർത്ത് പൊലീസ് സംഘം അകത്തുകയറി നോക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടി അവിടെയുണ്ടായിരുന്നു. ആ 4 വയസ്സുകാരിയെ വാരിയെടുത്തു പേരു ചോദിച്ച പൊലീസുകാരനോട് അവൾ പറഞ്ഞു എന്റെ പേര് ക്ലീയൊ.

18 ദിവസം മുൻപ്, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കർനാർവോണിൽ അച്ഛനമ്മമാർക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റിൽ നിന്നുമാണ് ക്ലീയൊ സ്മിത്തിനെ കാണാതായത്. ഊണും ഉറക്കവുമില്ലാതെ 150 ലേറെപ്പേരടങ്ങിയ സംഘം നടത്തിയ തിരച്ചിൽ ഫലം കണ്ടപ്പോൾ പൊലീസുകാരും സന്തോഷം കൊണ്ടു വിതുമ്പി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നല്ലാതെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ച ഓസ്‌ട്രേലിയയുടെ മുഴുവൻ നൊമ്പരമായിമാറിയ ക്ലീയൊയെ കണ്ടെത്തിയതിൽ പ്രധാനമന്ത്രി സ്‌കോട് മോറിസൻ ആഹ്ലാദമറിയിച്ചു.