കേളകം:ആദിവാസി യുവതി കേളകം മന്ദം ചേരി സ്വദേശിനി ശോഭ തൂങ്ങി മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കേളകം പെരുവ സ്വദേശി ബിബിനിനെയാണ് കേളകം പൊലീസ് ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 28 ന് ആയിരുന്നു താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തൂങ്ങി മരിച്ചതാണെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളതെങ്കിലും മരണത്തിൽ ബിബിനിന് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്നായിരുന്നു അറസ്റ്റ്.

ബിബിനും ശോഭയും തമ്മിൽ ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ശോഭയുടെ സ്വർണാഭരണങ്ങൾ പണയം വെക്കാനായി ബിബിൻ വാങ്ങിച്ചു. തുടർന്ന് നടന്ന പ്രശ്നമാണ് തൂങ്ങി മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.