ബാംഗളൂർ: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൊള്ളയടിക്ക് അന്ത്യം കുറിക്കാൻ ബാംഗളൂർ പൊലീസ് എസ്എംഎസ് സർവീസുമായി രംഗത്തെത്തി. യാത്രക്കാരെ അമിതമായി പിഴിയുന്ന ഓട്ടോഡ്രൈവർമാരുടെ നടപടി ഒരുപരിധി വരെ തടയാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) ബി.ദയാനന്ദ് വ്യക്തമാക്കി.

നഗരത്തിലെ രണ്ടു സ്ഥലങ്ങൾക്കിടയിലുള്ള ഓട്ടോറിക്ഷായാത്രാക്കൂലി എസ്എംഎസ് സർവീസിലൂടെ അറിയിക്കുകയാണ് ചെയ്യുന്നത്. 51115 എന്ന നമ്പരിലേക്ക് പോകാനുദ്ദേശിക്കുന്ന സ്ഥലം വ്യക്തമാക്കിക്കൊണ്ട് മെസേജ് അയച്ചാൽ ഉടൻ തന്നെ യാത്രാനിരക്ക് വ്യക്തമാക്കിക്കൊണ്ട് തിരിച്ച് മെസേജ് ലഭിക്കും. ഇതിനു വിപരീതമായി അമിതമായി യാത്രാക്കൂലി ഈടാക്കിയാൽ ഓട്ടോഡ്രൈവരെ പൊലീസ് പിടികൂടും.

അമിത നിരക്ക് ഈടാക്കുന്നതിനു പുറമേ കേടായ മീറ്ററുകൾ സ്ഥാപിച്ചും യാത്രക്കാരെ പിഴിയുന്ന ഒട്ടേറെ ഓട്ടോഡ്രൈവർമാരുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്എംഎസ് സൗകര്യം ഒരുക്കാൻ ട്രാഫിക് പൊലീസ് തീരുമാനിച്ചത്. ഇതിൽ വീഴ്ച വരുത്തുന്നവരെ പിടികൂടി ശിക്ഷിക്കുമെന്നും അഡീഷണൽ കമ്മീഷണർ വ്യക്തമാക്കി.