കണ്ണൂർ: ജനവിധിയറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കണ്ണൂർ മാത്രമല്ല രാഷ്ട്രീയ കേരളമാകെ ഉറ്റുനോക്കുന്നത് അഴീക്കോട് മണ്ഡലത്തിലേക്കാണ്. കളരിയുടെയും കൈത്തറിയുടെയും നാടായ അഴീക്കോട് വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല. കളരിവാതുക്കൽ കളരിയിൽ നിന്നും പയറ്റി തെളിഞ്ഞ് നാട്ടു രാജാക്കന്മാരുടെ സേനാധിപന്മാരായി വാണവരുടെ നാട്ടിൽ മൂന്നാം തവണയും വാഴാൻ കെ.എം ഷാജിയെന്ന വയനാട്ടുകാരനെ വിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് സിപിഎം സർവ്വ സന്നാഹങ്ങളുമായി പടയ്ക്കിറങ്ങിയത്.

ജില്ലയിലെ മറ്റൊരു സ്ഥാനാർത്ഥിക്കും വേണ്ടി പണിയെടുക്കാത്ത വിധത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് പാർട്ടി ഇവിടെ ഇക്കുറി വിജയമുറപ്പിക്കാൻ പ്രവർത്തിച്ചത്. പി.ജയരാജന്റെ നേതൃത്വത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷിനായുള്ള പടയൊരുക്കം നടത്തിയത്. ഇക്കുറിയില്ലെങ്കിൽ ഇനിയൊരിക്കലുമില്ലെന്ന മട്ടിൽ പാർട്ടി പ്രവർത്തകർ ചത്ത് പണിയെടുത്ത് ഓരോ വോട്ടും തങ്ങളുടെ പെട്ടിയിൽ വീഴ്‌ത്തിയെന്ന് ഉറപ്പു വരുത്തി. അതുകൊണ്ടു തന്നെ അഴീക്കോട്ടെ ജയം സിപിഎമ്മിന് ഇക്കുറി അഭിമാന പ്രശ്‌നം കൂടിയാണ്.
സി.പി. എമ്മിന്റെ കൊടും കോട്ടയായ അഴീക്കോട് അടിത്തട്ടിൽ നിന്നുയർന്ന പാർട്ടി വിരുദ്ധ വികാരമാണ് പലപ്പോഴും അടി തെറ്റിച്ചത്.

എന്നാൽ ഇക്കുറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്‌ച്ചവെച്ച നവാഗതനായ കെ.വി സുമേഷിനെ സ്ഥാനാർത്ഥിയാക്കി പഴുതടച്ച പ്രവർത്തനമാണ് സിപിഎം നടത്തിയത്.കെ.എം ഷാജിയെ വീഴ്‌ത്താൻ ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടെന്നാണ് സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്.കെ.വി സുമേഷിന്റെ സ്ഥാനാർത്ഥിത്വത്തോടെ പാർട്ടി വിരുദ്ധ വോട്ടുകളുടെ ഒഴുക്കിന് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാത്രമല്ല അഴീക്കോട് സ്‌കുളിൽ പ്‌ളസടുകോഴ്‌സ് അനുവദിച്ചതിൽ കോഴ വാങ്ങിയെന്ന വിജിലൻസ് കേസിൽ ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിൽ ഉരുണ്ടുകൂടിയ പ്രതിഷേധം യു.ഡി.എഫ് പാളയത്തിൽ നിന്നു തന്നെ എതിർ വോട്ടായി മാറുമെന്ന പ്രതീക്ഷയും എൽ.ഡി.എഫ് ക്യാംപിലുണ്ട്.

ബിജെപി സംസ്ഥാന സെക്രട്ടറിയായ കെ.രഞ്ജിത്താണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ഇക്കുറി മണ്ഡലത്തിലെ ആർഎസ്എസ് വോട്ട് ഷാജിയുടെ പെട്ടിയിൽ വീഴില്ലെന്ന വിശ്വാസത്തിലാണ്. എൽ.ഡി.എഫ്. തെരഞ്ഞെടുപ്പിന്റെ ക്‌ളൈമാക്‌സിൽ ഷാജിക്ക് ആർഎസ്എസ് വോട്ടു മാറ്റി ചെയ്യുന്നത് ഇക്കുറിയുണ്ടായില്ലെങ്കിൽ ഇക്കുറി അഴീക്കോട് അയ്യായിരം വോട്ടിനെങ്കിലും കെ.വി സുമേഷ് ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് ക്യാമ്പുകൾ എന്നാൽ പത്തു വർഷക്കാലം കൊണ്ട് മണ്ഡലത്തിന്റെ എല്ലാം മേഖലയിലും വികസനമെത്തിക്കാൻ എംഎ‍ൽഎയെന്ന നിലയിൽ കഴിഞ്ഞത് മൂന്നാം തവണയും തനിക്ക് വിജയനേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കെ.എം ഷാജി.വയനാട്ടിലെ തന്റെ വോട്ട് ഷാജി സ്വന്തം മണ്ഡലത്തിലേക്ക് മാറ്റുകയും മണ്ഡലത്തിലെ ഒരാളായി മാറുകയും ചെയ്തു.

കഴിഞ്ഞ പത്തു വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളാണ് ഷാജി വോട്ടർമാർക്ക് മുൻപിൽ അവതരിപ്പിച്ച് വോട്ട് തേടിയത്. റോഡ് വികസനത്തിന്റെ കാര്യത്തിൽ ഒരു ഘട്ടത്തിൽ മണ്ഡലം പര്യാപ്തത നേടിയതിനെ തുടർന്ന് സർക്കാർ അനുവദിച്ച റോസ് വികസന ഫണ്ട് തത്കാലത്തേക്ക് മണ്ഡലത്തിൽ വേണ്ടെന്ന് അറിയിച്ച എംഎ‍ൽഎയാണ് താനെന്നായിരുന്നു ഷാജിയുടെ പ്രചരണം ' എന്നാൽ കഴിഞ്ഞ അഞ്ചു വർഷം തന്നോടുള്ള രാഷ്ട്രിയ വൈരാഗ്യത്താൽ സർക്കാർ മണ്ഡലത്തെ അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഷാജി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയിരുന്നു.സംസ്ഥാനത്തെ പ്രധാന വികസന പദ്ധതിയായ അഴിക്കൽ തുറമുഖം യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർത്തിയിടത്ത് നിൽക്കുകയാണെന്നും ഇവിടെ മന്ത്രിയായ കണ്ണുരുകാരനായ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുണ്ടായിട്ടും വാഗ്ദ്ധാനങ്ങൾ മാത്രമാണ് നൽകിയതെന്നുമുള്ള ഷാജിയുടെ വാദം ജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്ന് ജനവിധിയിലുടെ മാത്രമേ പ്രതിഫലിക്കുകയുള്ളു.

എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ നേടിയെടുത്ത സ്വീകാര്യതയും യുവ സ്ഥാനാർത്ഥിയെന്ന പ്രത്യേകതയും വോട്ടാക്കി മാറ്റാനാണ് കെ.വി സുമേഷ് ശ്രമിച്ചത്.അഴീക്കോട് ഹൈസ്‌കൂളിലെ പ്‌ളസ് ടു കോഴ ആരോപണത്തിൽ ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതും ഉയർത്തിക്കാട്ടാൻ സുമേഷിന് കഴിഞ്ഞു.അനധികൃത സ്വത്തുസമ്പാദന കേസ്, ആഡംബര വീടെടുക്കൽ എന്നിവയിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽഷാജി കുരുങ്ങിയതും ഉന്നയിച്ച് പ്രചാരണത്തിന് ചൂടുപിടിപ്പിക്കാൻ കെ.വി സുമേഷിന് കഴിഞ്ഞു. ഇതിന്റെ കൂടെ എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഉയർത്തി കാട്ടിയാണ് എൽ.ഡി.എഫ് ഇക്കുറി അഴീക്കോട് മണ്ഡലത്തിൽ പ്രചണ്ഡ പ്രചാരണമഴിച്ചുവിട്ടത്.

എന്നാൽ എൻ.ഡി.എയ്ക്കായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ചിത്ത് നടത്തിയ ശക്തമായ പ്രചരണം മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. അഴീക്കോട് മണ്ഡലക്കാരൻ തന്നെയായ രഞ്ചിത്ത് വീടുവീടാന്തരം കയറി നടത്തിയ വോട്ടുപിടിത്തം യു.ഡി.എഫിനും എൽ.ഡി.എഫിനും കടുത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി യോടൊപ്പം ആർ.എസ്.എസും രഞ്ചിത്തനായി ഇറങ്ങിയത് ഇക്കുറി എൻ.ഡി.എയ്ക്ക് വോട്ടു വർധിപ്പിക്കുന്ന പ്രതീക്ഷയുണ്ട്. എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന അഴിക്കോടിന്റെ ജനവിധി മാറ്റി മറിച്ചേക്കാൻ സാധ്യതയേറെയാണ്.

അഴിക്കോട്, ചിറക്കൽ, വളപട്ടണം നാറാത്ത് 'പാപ്പിനിശേരി പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിൽ വരുന്ന പുഴാതി ,പള്ളിക്കുന്ന് ഡിവിഷനുകളും ഉൾപ്പെടുന്നതാണ് അഴിക്കോട് മണ്ഡലം. ചിറക്കൽ' അഴീക്കോട്, പാപ്പിനിശേരി, പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണമാണ് നിലനിൽക്കുന്നത്. കോർപറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപിയാണ് ജയിച്ചത്. പുഴാതിയിൽ യു.ഡി.എഫും നാറാത്ത് പഞ്ചായത്തിൽ ഇരുമുന്നണികളും തുല്യ ശക്തികളാണ്. മണ്ഡലത്തിൽ 18,1562 വോട്ടർമാരാണുള്ളത്. ഇതിൽ 973 18 സ്ത്രീകളും 84 241 വോട്ടർമാർ പുരുഷന്മാരുമാണ് ' ഭിന്ന ലിംഗക്കാരായ രണ്ട് വോട്ടർമാരുമുണ്ട്. അങ്കക്കളരിയിൽ ആര് വാഴും: ഷാജിക്കും സിപിഎമ്മിനും അഭിമാന പോരാട്ടം: എൻ.ഡി.എ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ട് ആര് ജയിക്കുമെന്ന് തീരുമാനിക്കും.