പാലക്കാട്: സൈന്യം ബാബുവിന് അടുത്ത് എത്തി. 200 മീറ്റർ അടുത്തു വരെ എത്തിയ സൈന്യം ബാബുവിന് ഭക്ഷണവും വെള്ളവും നൽകും. ബാബുവുമായി സൈന്യം സംസാരിക്കുകയും ചെയ്തു. രാവിലെ തന്നെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടക്കും. ആരും ഭയക്കേണ്ടതില്ലെന്ന സന്ദേശമാണ് സൈന്യം നൽകുന്ന്. 40 മണിക്കൂറിലധികമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു (23) സുരക്ഷിതനായി തിരികെയെത്താൻ.

ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാൻ തുടങ്ങി.1000 മീറ്റർ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി.അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോൾ കാൽ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കിൽ കുടുങ്ങി. വീഴ്ചയിൽ കാലിനു പരുക്കേൽക്കുകയും ചെയ്തു. ഇതോടെ മലയിടുക്കിൽ ബാബു കുടുങ്ങി. കൂട്ടുകാർ അറിയിച്ചപ്പോഴാണ് ബാബുവിന്റെ കുടുങ്ങൽ പുറംലോകത്ത് എത്തുന്നത്. അതിന് ശേഷം പലവിധ രക്ഷാപ്രവർത്തനങ്ങൾ നടന്നു.

ആദ്യ ഘട്ട രക്ഷാദൗത്യങ്ങൾ ഫലം കണ്ടില്ലെങ്കിലും കരസേന കൂടി എത്തിയതോടെ രക്ഷിക്കാനാവുമെന്നാണു പ്രതീക്ഷ കൂടിക്കഴിഞ്ഞു. ആധുനിക ഉപകരണങ്ങളുമായി രണ്ടു സൈനിക സംഘങ്ങൾ ഇന്നലെ രാത്രി സ്ഥലത്തെത്തി. പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനിൽനിന്നുമാണ് എത്തിയത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.

തുടർന്ന് രക്ഷാപ്രവർത്തനത്തിനായി മലമുകളിൽ എത്തിയ ദൗത്യസംഘത്തിന് യുവാവുമായി സംസാരിക്കാൻ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും ഇന്നു രാവിലെ നടക്കും. സഹായിക്കാൻ പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീം മലപ്പുറത്തുനിന്ന് രാത്രി എത്തി. തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.

കയ്യിലുള്ള മൊബൈൽ ഫോണിൽ ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചതാണ് നിർണ്ണായകമായത്. അഗ്‌നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. രാത്രി മൊബൈൽ ഫോണിന്റെ ഫ്‌ളാഷ് തെളിച്ചും രാവിലെ ഷർട്ടുയർത്തിയും രക്ഷാപ്രവർത്തകരുടെ കണ്ണിൽ പെടാൻ ശ്രമിച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞു.

നിലവിൽ ബാബു സുരക്ഷിതനാണ്. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാലും പകൽ ചൂടും രാത്രി തണുപ്പും കാരണവും അതീവ ക്ഷീണിതനാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്.

മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലാണ് ബാബു. ഭക്ഷണവും വെള്ളവും എത്തിക്കാൻ പറ്റിയ അവസ്ഥയിലല്ല ബാബു നിൽക്കുന്ന സ്ഥലമുള്ളത്. മുകളിൽ നിന്ന് എറിഞ്ഞുകൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നിൽക്കുന്നത് മലയിടുക്കിലായതിനാൽ അത് കൈക്കലാക്കാൻ പറ്റില്ല.