തിരുവനന്തപുരം: സാധാരണ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ ചെയ്യുന്നത് മുതലാളിമാരാണ്. രാഷ്ട്രീയ പാർട്ടിയുടെ സഹായം പ്രതീക്ഷിച്ച് നൽകുന്ന സംഭാവന. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് രാഷ്ട്രീയ പാർട്ടി തന്നെ സംഭാവന നൽകുന്നത് ഇന്ത്യയിൽ കേട്ടു കേൾവി ഇല്ലാത്തതാണ്. അതുകൊണ്ടാണ് സിപിഎമ്മിന് ഡിഎംകെ നൽകിയ പാർട്ടി ഫണ്ടിനെ പറ്റി കേട്ട് ഏവരും ഞെട്ടിയത്. എന്തിനാണ് ആ ഫണ്ട് ഡിഎംകെ നൽകിയത്. അതിലെ ചർച്ച മുല്ലപ്പെരിയാർ മരം മുറി ഉത്തരവ് കാലത്ത് പ്രസക്തമാകുകയാണ്.

മരം മുറി സർക്കാർ അറിഞ്ഞപ്പോൾ തന്നെ റദ്ദാക്കി എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിരോധ വാദം. എന്നാൽ ഈ ഉത്തരവ് തമിഴ്‌നാടിന് നൽകുക മുൻതൂക്കമാണ്. സുപ്രീംകോടതിയിലും മറ്റും റദ്ദാക്കിയ ഈ ഉത്തരവ് ചർച്ചയാക്കാം. ബേബി ഡാമിന്റെ ശക്തിപ്പെടുത്തലിന് നിയമപരമായ തടസ്സമില്ലെന്നും കേരളത്തിലെ രാഷ്ട്രീയമാണ് അതിന് കാരണമെന്നും വാദിക്കാം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകിയ ഉത്തരവ് ഈ വാദത്തിന് ബലമേകും. രാഷ്ട്രീയ സമ്മർദ്ദവും പ്രതിഷേധവും ഭയന്ന് സർക്കാർ ആ ഉത്തരവ് മരവിപ്പിച്ചെന്ന് പറയുമ്പോൾ എല്ലാ അർത്ഥത്തിലും ബേബി ഡാമിൽ കേരളം പ്രതിരോധത്തിലാകും. ഇതാണ് ആ ഉത്തരവ് കേരളത്തോട് ചെയ്യുന്ന ചതിയും. മരവിപ്പിച്ച ആ ഉത്തരവ് കേരളത്തിന് ഇനി എന്നും വലിയ തലവേദനയാകും.

മുല്ലപ്പെരിയാറിലെ മരങ്ങൾ മുറിക്കാനുള്ള തീരുമാനം സർക്കാർ നേരത്തേ അറിഞ്ഞിരുന്നെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വരുകയാണ്. ഇതോടെ ഡിഎംകെയുടെ പഴയ ഫണ്ട് നൽകും പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ ധാരണയായിരുന്നു. കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനൊപ്പമുള്ള രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡോ. ജോ ജോസഫിന്റെ ഹർജിയിലെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖയിലാണ് നിർണായക വിവരമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 17ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽതന്നെ ബേബി ഡാം ബലപ്പെടുത്താൻ ധാരണയായെന്ന് ഒക്ടോബർ 27ന് സമർപ്പിച്ച രേഖയിൽനിന്ന് വ്യക്തമാണ്. ഇതിനാവശ്യമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനും ഏതാനും മരങ്ങൾ മുറിക്കാനും തീരുമാനമായതായി കേരളം വിശദീകരിക്കുന്നു. മരം മുറിക്കുന്നതിനായുള്ള അപേക്ഷ നടപടിക്രമം പാലിച്ച് സമർപ്പിക്കാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെ തമിഴ്‌നാട് അതു പാലിച്ചില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.

പിന്നീട് ഒക്ടോബർ 30നാണ് തമിഴ്‌നാട് പർവേശ് പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചത്. ഈ മാസം അഞ്ചിന് അനുമതി നൽകി കൊണ്ടുള്ള വിവാദ ഉത്തരവ് പുറത്തിറക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഈ മാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിക്കുന്നതിന് മുൻപേതന്നെ മരം മുറിക്കാനുള്ള തീരുമാനം കേരളത്തിന് അറിയാമായിരുന്നുവെന്ന് കൂടുതൽ വ്യക്തമാകുകയാണ്. വിവാദ ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി പിണറായി ഇതിനു പിന്നിലെ ദുരൂഹതകൾ അവശേഷിക്കുകയാണ്.

വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയിട്ടും അവശേഷിക്കുന്ന ചോദ്യങ്ങൾ പ്രസക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ വനം വകുപ്പിൽനിന്നു സുപ്രധാന ഉത്തരവ് എങ്ങനെ ഇറങ്ങി ? സർക്കാർ ഒളിച്ചുകളിക്കുന്നതെന്തിന് എന്നതാണ് ഇതിൽ പ്രധാനം. സംസ്ഥാനാന്തര നദീജല വിഷയം മുഖ്യമന്ത്രിയുടെ പരിധിയിലിരിക്കെ അദ്ദേഹമറിയാതെ ഔദ്യോഗിക കത്തിടപാട് നടത്താനും യോഗം വിളിക്കാനും കഴിയുമോ എന്നതും ചർച്ചകളിൽ ഉയരുന്നു.

മുല്ലപ്പെരിയാർ പോലെ അതീവ ഗൗരവമേറിയ വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഉത്തരവിറക്കാനാകുമോ എന്നതാണ് മറ്റൊരു വസ്തുത. മന്ത്രിമാരുടെ വാദങ്ങളിലും പൊരുത്തക്കേട് വ്യക്തമായതോടെ സർക്കാരിന്റെ വിശദീകരണം ആരു നൽകുമെന്ന ചോദ്യവും ബാക്കി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർത്ഥമായി ഒഴിഞ്ഞു മാറുകയാണ്.

അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കില്ല. നവംബർ 13ന് 13ാം കേസായി മുല്ലപ്പെരിയാർ ഹർജികൾ കോടതി പരിഗണിക്കുമെന്നാണു റിപ്പോർട്ട്.