തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ആവശ്യപ്പെട്ടത് ജലവിഭവ സെക്രട്ടറി ടി.കെ.ജോസ് എന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ വിശദീകരണം.

ടി.കെ.ജോസ് മൂന്ന് തവണ യോഗം വിളിച്ചിരുന്നതായും ബെന്നിച്ചൻ തോമസിന്റെ വിശദീകരണത്തിൽ പറയുന്നു. സസ്‌പെൻഷനു മുൻപാണ് ബെന്നിച്ചൻ തോമസിന്റെ വിശദീകരണം സർക്കാർ തേടിയത്.

സുപ്രീം കോടതിയിലുള്ള കേസിനെ ബാധിക്കുമെന്നതിനാൽ തമിഴ്‌നാടിനു മരം മുറിക്കാനുള്ള അനുവാദം ഉത്തരവിലൂടെ നൽകണമെന്ന് ടി.കെ.ജോസ് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം കത്തിലൂടെ ആവശ്യപ്പെട്ടതായും ബെന്നിച്ചൻ തോമസ് വിശദീകരിക്കുന്നു. ടി.കെ.ജോസിന്റെ നിർദ്ദേശവും സുപ്രീംകോടതി നിർദ്ദേശവും അനുസരിച്ചാണ് മരം മുറിക്കാൻ അനുമതി നൽകിയത്.

ഈ അനുമതിക്കു പുറമേ, വള്ളക്കടവിൽനിന്ന് ഡാമിലേക്കുള്ള റോഡ് നിർമ്മാണത്തിന് അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഡാം ശക്തിപ്പെടുത്താനുള്ള നിർമ്മാണ സാധനങ്ങൾ തമിഴ്‌നാടിന് എത്താക്കാനാകൂ എന്നും ഇതു നൽകിയിട്ടില്ലെന്നും ബെന്നിച്ചൻ തോമസ് സർക്കാരിനെ അറിയിച്ചു.

ബേബി ഡാമിനോട് ചേർന്നുള്ള മരം മുറി, വള്ളക്കടവിൽനിന്ന് ഡാം സൈറ്റിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണം, മുല്ലപ്പെരിയാറിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പാട്ട തുക വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായത്. സെപ്റ്റംബർ 15ന് ടി.കെ.ജോസിന്റെ മുറിയിൽ ചേർന്ന യോഗം വിഷയം ചർച്ച ചെയ്തു. സെപ്റ്റംബർ 17ന് കേരളതമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥരുടെ വിഡിയോ കോൺഫറൻസ് നടന്നു. മരംമുറിക്കാൻ അനുമതി കൊടുക്കാമെന്ന ധാരണയാണ് യോഗത്തിൽ ഉരുത്തിരിഞ്ഞത്.

ഒക്ടോബർ 26ന് ടി.കെ.ജോസ് തന്നെ ഫോണിൽ വിളിച്ച് തമിഴ്‌നാട് മരം മുറിക്കുന്നതിൽ സമ്മർദം ചെലുത്തുന്ന കാര്യം അറിയിച്ചു. നിയമപരമായി ഇക്കാര്യം അനുവദിക്കാമോ എന്ന് അഭ്യർത്ഥിച്ചു. നവംബർ ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറിൽ വച്ച് വീണ്ടും ഇക്കാര്യം ചർച്ച ചെയ്തു. ഇനിയും കാലതാമസമുണ്ടാകാതെ മരം മുറിക്കേണ്ടതിന്റെ ആവശ്യകത ടി.കെ.ജോസ് അറിയിച്ചു. സുപ്രീംകോടതിയിൽ വരുന്ന കേസിന്റെ വാദത്തിന് ഇത് അനിവാര്യമാണെന്നും നിലപാടെടുത്തു. നവംബർ 11ന് ആയിരുന്നു കേസ് പരിഗണനയ്ക്കു വരുന്നത്. സംസ്ഥാന സർക്കാരും കത്തുകളിലൂടെ മരം മുറിക്കാനുള്ള നിർദ്ദേശം നൽകി.

1886ലെ പാട്ടക്കരാർ അനുസരിച്ച് തമിഴ്‌നാടിന് പാട്ടഭൂമിയിലെ മരം മുറിക്കാൻ അനുവാദമുണ്ട്. ഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980 അനുസരിച്ച് ഇതിനു കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശങ്ങൾ ആവശ്യമില്ല. ഇതിനായി 1980കളിലെ ഉത്തരവും ബെന്നിച്ചൻ വിശദീകരണ കത്തിനൊപ്പം സമർപ്പിച്ചു.

എന്നാൽ, അഞ്ച് കിലോമീറ്റർ റോഡ് നിർമ്മാണത്തിനു പുതിയ അനുമതികൾ ആവശ്യമാണെന്നും ഇതിനാൽ റോഡ് നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്നും വിശദീകരണ കത്തിൽ പറയുന്നു.

മുല്ലപ്പെരിയാറിലെബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവും ഇന്ന് പുറത്തിറക്കിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്നാണ് ഉത്തരവിൽ പറയുന്നത്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അജണ്ടക്ക് പുറത്തുള്ള ഇനമായാണ് മുഖ്യമന്ത്രി മരം മുറി കൊണ്ടുവന്നത്. അജണ്ട ചർച്ചക്കെടുത്തപ്പോൾ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനവും അറിയിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ തമിഴ്‌നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാൽ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തിൽ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്‌നാടിന് കേരളം അനുമതി നൽകിയത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്.

പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ ആവർത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാർ രംഗത്തെത്തി.

പ്രതിപക്ഷ കക്ഷികളടക്കം പ്രതിഷേധിച്ചതോടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. തമിഴ്‌നാട് കേരളാ സംയുക്ത പരിശോധന നടന്നുവെന്നും അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിർണായക വിവരങ്ങൾ പിന്നീട് പുറത്ത് വന്നു. നിയമസഭയിലടക്കം വിഷയം ആളിക്കത്തിയതോടെയാണ് മന്ത്രിസഭായോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്.