തിരുവനന്തപുരം: മറ്റൊരാളുടെ സാമ്പത്തികപ്രശ്‌നങ്ങളിൽ സഹായഹസ്തം നീട്ടാൻ ഭൂരിപക്ഷംപേർക്കും മടിയാണ്. അഥവാ അത്തരമൊരു സഹായം ലഭിച്ചാൽ തിരിച്ചുകൊടുക്കാതിരിക്കാനൊരു അവസരം തേടി നടക്കുന്നവരും നമുക്കിടയിൽ കുറവല്ല. അത്തരമൊരു സാഹചര്യത്തിലാണ് പ്രവാസജീവിതത്തിൽ പരിചയപ്പെട്ട സുഹൃത്തിന് തിരിച്ചുകിട്ടുമെന്ന ഉറപ്പുപോലുമില്ലാതെ പണം നൽകി സഹായിച്ച ലൂയിസും അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ കണ്ടെത്തി അത് തിരിച്ചുനൽകാൻ രണ്ടാം തലമുറയിലും അന്വേഷണം തുടരുന്ന അബ്ദുള്ളയുടെ മകനും മാതൃകയാകുന്നത്.

നിർണായക അവസരത്തിൽ തന്നെ സഹായിച്ച ലൂയിസിന്റെ കടം വീട്ടാൻ കഴിയാത്ത പ്രയാസത്തിലായിരുന്നു ഇത്രയും കാലം അബ്ദുള്ള. ആ നീറ്റൽ ബാക്കിവച്ച് അബ്ദുള്ള കഴിഞ്ഞമാസം മരിച്ചെങ്കിലും നാല് പതിറ്റാണ്ട് മുൻപുള്ള കടം വീട്ടാൻ ബാപ്പയുടെ സുഹൃത്തിനെ തിരയുകയാണ് മകൻ നാസർ.

പെരുമാതുറ മാടൻവിള പുളിമൂട് ഹൗസിൽ അബ്ദുല്ല ജീവിത മാർഗം തേടി 1980 കളിൽ ഗൾഫിലെത്തിയതാണ്. ജോലി തിരയുന്നതിനിടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഏറെ അലഞ്ഞിട്ടും ജോലി ലഭിച്ചില്ല. കൈവശമുള്ള പണവും തീർന്നു. അപ്പോഴാണ് ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലൂയിസ് കൈവശമുണ്ടായിരുന്ന പണം നൽകി അബ്ദുള്ളയെ സഹായിച്ചത്. ഈ പണം ഉപയോഗിച്ചു ജോലി അന്വേഷിക്കുന്നതിനിടെ അബ്ദുള്ളയ്ക്കു ഒരു ക്വാറിയിൽ ജോലി ലഭിച്ചു. തൊഴിൽ സംബന്ധമായി മാറിത്താമസിക്കേണ്ടി വന്നതോടെ ലൂയിസ് ഉൾപ്പെടെ സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു.

വർഷങ്ങൾക്കു ശേഷം പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുള്ള മക്കളോടു പറഞ്ഞു. എവിടെയാണെങ്കിലും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹവും അറിയിച്ചു. പരിചയക്കാർ പലരോടും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പത്രത്തിൽ പരസ്യം നൽകി. എന്നിട്ടും ലൂയിസിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രതിസന്ധിഘട്ടത്തിൽ ലൂയിസ് നൽകിയ പണമാണ് അബ്ദുള്ളയെ തിരിച്ച് ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. വിഷമാവസ്ഥയിൽ താങ്ങായ സ്‌നേഹിതനെ ഒരു നോക്കു കൂടി കാണണമെന്ന ആഗ്രഹം അബ്ദുള്ളയ്ക്ക് ആയിരുന്നു. ആ ആഗ്രഹം ബാക്കിയാക്കിയാണ് അബ്ദുള്ള കഴിഞ്ഞ 23 ന് ലോകത്തു നിന്നു വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായി മകനോട് പറഞ്ഞതും ആ കടം വീട്ടണമെന്നായിരുന്നു.

ഇപ്പോഴത്തെ മൂല്യമനുസരിച്ച് ലൂയിസിന് 22,000 രൂപയേ നൽകാനുള്ളൂവെങ്കിലും ബാപ്പയുടെ ആഗ്രഹത്തിനും അത്യാവശ്യ ഘട്ടത്തിൽ ലൂയിസ് ചെയ്ത സഹായത്തിനും അതിലും എത്രയോ മടങ്ങ് മൂല്യമുണ്ടെന്ന് അബ്ദുല്ലയുടെ കുടുംബത്തിന് അറിയാം. ഈ അവസരത്തിലാണ് ലൂയിസിനെയോ സഹോദരൻ ബേബിയെയോ കണ്ടെത്താനായി പത്രത്തിൽ പരസ്യം നൽകാൻ നാസർ തീരുമാനിച്ചത്. അബ്ദുള്ളയ്ക്ക് നാസർ ഉൾപ്പെടെ ഏഴ് മക്കളാണുള്ളത്.