മുംബൈ: 2020-'21 സാമ്പത്തികവർഷം രാജ്യത്തെ വാണിജ്യബാങ്കുകൾ എഴുതിത്ത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. പതിവുപോലെ ഇത്തവണയും കൂടുതൽ വായ്പ എഴുതിത്ത്തള്ളിയത് പൊതുമേഖലാ ബാങ്കുകൾതന്നെ. 1.32 ലക്ഷം കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2020-'21 സാമ്പത്തികവർഷം ഏറ്റവും കൂടുതൽ വായ്പകൾ എഴുതിത്ത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ആണ്. 34,402 കോടിരൂപയുടെ വായ്പകൾ. യൂണിയൻ ബാങ്ക് 16,983 കോടി, പി.എൻ.ബി. 15,877 കോടി എന്നിങ്ങനെ എഴുതിത്ത്തള്ളി. സ്വകാര്യമേഖലയിൽ 12,018 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് മുന്നിൽ. ഐ.സിഐ.സിഐ. ബാങ്കിനിത് 9,507 കോടിയും എച്ച്.ഡി.എഫ്.സി. ബാങ്കിന് 9,289 കോടി രൂപയുമാണ്.

2021 ഡിസംബർ 31-ലെ കണക്കുപ്രകാരം 5.60 ലക്ഷം കോടി രൂപയാണ് വാണിജ്യബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി. 2018 മാർച്ച് 31-നിത് 8.96 ലക്ഷംകോടി രൂപയായിരുന്നു.

റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖലാബാങ്കുകൾ 2019 സാമ്പത്തിക വർഷംമുതൽ 2021 സാമ്പത്തികവർഷംവരെ കാലയളവിൽ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകൾ തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ മൂന്നു സാമ്പത്തികവർഷങ്ങളിലായി കൂടുതൽ വായ്പാത്തുക എഴുതിത്ത്തള്ളിയത് എസ്.ബി.ഐ. ആണ്. ആകെ 1.46 ലക്ഷം കോടി രൂപ. പി.എൻ.ബി. 58,397 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 49,986 കോടി രൂപയും യൂണിയൻ ബാങ്ക് 49,449 കോടിയും എഴുതിത്ത്തള്ളിയത്.

മൂന്നുമാസത്തിലധികം (90 ദിവസം) തിരിച്ചടയ്ക്കാതെ കുടിശ്ശികയാകുന്ന വായ്പകളാണ് ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത്. സാമ്പത്തികസുരക്ഷ ഉറപ്പാക്കാൻ ഇതിനു തുല്യമായ തുക ബാങ്കുകൾ നീക്കിവെക്കേണ്ടതുണ്ട്. പ്രൊവിഷനിങ് എന്നാണ് ഇതറിയപ്പെടുന്നത്. ഇങ്ങനെ നീക്കിവെച്ച് നാലുവർഷം പൂർത്തിയാകുമ്പോഴാണ് വായ്പകൾ എഴുതിത്ത്തള്ളുന്നത്.

ബാലൻസ് ഷീറ്റ് ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് സാങ്കേതികമായി ഈ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽനിന്നു നീക്കുന്നതാണിത്. നികുതി നേട്ടത്തിനും മൂലധനം പരമാവധി വിനിയോഗിക്കുന്നതിനും ഇത് ബാങ്കിനെ സഹായിക്കുന്നു.