മാഡ്രിഡ്: നിലവിലെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് സ്പെയ്നിന്റെ കരോലിന മാരിൻ ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. 2021-ൽ നാല് പ്രധാന ടൂർണമെന്റുകളിൽ വിജയിച്ച മാരിൻ മികച്ച ഫോമിലായിരുന്നു.

ഇടത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ ജൂലായ് 23-ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് മാരിൻ ചൊവ്വാഴ്ച അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെയാണ് മാരിന് പരിക്കേറ്റത്.

 ????????#PuedoPorquePiensoQuePuedo pic.twitter.com/jxq21hhXgR

കഴിഞ്ഞ ഒളിംപിക്‌സിൽ ഇന്ത്യൻ താരം പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മാരിൻ സ്വർണം നേടിയത്.

സ്വിസ് ഓപ്പണിന്റെ ഫൈനലിലും ഇന്ത്യൻ താരത്തിനെതിരെ കരോലിന ജയം നേടിയിരുന്നു. വിജയം ടോക്കിയോ മെഡലിനുള്ള മുന്നോടിയെന്ന് സ്പാനിഷ് താരം പിന്നീട് വ്യക്തമാക്കിയിരുന്നു.

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻതാരത്തെ 21-5, 21-12നാണ് മാരിൻ തകർത്തത്.

കളിയുടെ ഒരു ഘട്ടത്തിലും സിന്ധുവിന്റെ മേധാവിത്വം ഉണ്ടാകാതിരിക്കാൻ മാരിൻ ശ്രമിച്ചു. നെറ്റിന് അടുത്തു നിന്ന് കളിച്ചുകൊണ്ട് സിന്ധുവിന് നേരെ സ്ലോ ഡ്രോപ് ഷോട്ടുകളിലൂടെയാണ് മാരിൻ നിർണ്ണായക പോയിന്റുകൾ നേടിയത്.

35 മിനിറ്റിനുള്ളിൽ മത്സരം തീർക്കാൻ മാരിനായി എന്നത് സിന്ധുവിന് വലിയ ക്ഷീണമായി. ലോകചാമ്പ്യനായ ശേഷം സിന്ധു നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് സ്വിസ് ഓപ്പണിൽ സംഭവിച്ചത്.