തിരുവനന്തപുരം: മലയാളികളെ, വിശേഷിച്ചും സംഗീത പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച അപകടമരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത്. കുടുംബത്തിന് സംശയങ്ങൾ അവശേഷിക്കുമ്പോഴും സിബിഐ പറയുന്നു അപകടമരണമെന്ന്. ഡ്രൈവർ അർജുനെതിരെ മന: പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. തെറ്റായ വിവരങ്ങൾ നൽകിയ കലാഭവൻ സോബിക്കെതിരെ കേസെടുത്തു. ഏതായാലും ബാലുവിന്റെ അച്ഛൻ ഉണ്ണി ഈ അന്വേഷണത്തിൽ തൃപ്തനല്ല. നിയമനടപടികൾ തുടരുമെന്ന് അദ്ദേഹം പറയുന്നു. കേസിലെ ചില സത്യങ്ങൾ കൂടി പുറത്തുവരാനുണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ബാലുവിന്റെ കസിനും സംഗീതജ്ഞയുമായ പ്രിയ വേണുഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ബാലുവിന്റെ സംഗീതത്തെ സ്‌നേഹിക്കുന്നവരെ സങ്കടത്തിലാഴ്‌ത്തും. കേസിനും അപ്പുറം, ബാലുവിന് കുടുംബത്തോട് ഇടക്കാലത്തുണ്ടായ അകൽച്ചയും പോസ്റ്റിൽ സൂചിപ്പിക്കുന്നു.

'ആക്‌സിഡന്റ് ആയിരുന്നോ അല്ലയോ, വണ്ടിയോടിച്ചത് ബാലുച്ചേട്ടൻ ആയിരുന്നോ അല്ലയോ എന്നതല്ല ഞങ്ങൾ ഉന്നയിച്ച പ്രാഥമിക ചോദ്യം. ദുരൂഹമായ ഇടപാടുകൾ, പ്രത്യേകിച്ചു സാമ്പത്തികമായവ, അതേത്തുടർന്നുള്ള ഗൂഢാലോചന ഈ അപകടത്തിനോ അല്ലെങ്കിൽ അതേത്തുടർന്നുള്ള മരണത്തിന് പിന്നിലുണ്ടോ എന്നതാണ് ചോദ്യം. ബാലുച്ചേട്ടൻ മരിക്കുന്നതു വരെ ആശുപത്രിയിലെ ഞങ്ങളുടെ സാന്നിദ്ധ്യത്തെ (ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും) അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ പോയവർ ഒക്ടോബർ 2 മുതൽ സംഘം ചേർന്നുതന്നെ ഞങ്ങൾ ബാലുച്ചേട്ടന്റെ ആരുമല്ലായെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചതിന് പിന്നിൽ എന്താണ് കാരണം? ബാലുച്ചേട്ടൻ ജീവനോടെയുള്ളപ്പോൾപ്പോലും വല്യമ്മാവന്റെയോ ഞങ്ങളുടെയോ ഒക്കെ വീടുകളിൽ വന്നിട്ടുള്ളപ്പോഴൊന്നും കാണാത്ത വിരോധം ബാലുച്ചേട്ടൻ മരിച്ചതോടെ ഉടലെടുക്കണമെങ്കിൽ അതിന് അർത്ഥമെന്ത്?' പ്രിയ ചോദിക്കുന്നു

പ്രിയ വേണുഗോപാലിന്റെ പോസ്റ്റ് വായിക്കാം:

നേരിൽക്കണ്ട കാഴ്ചകളുടെയും കേട്ട മൊഴികളുടെയും വായിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ ബാലുച്ചേട്ടന്റെ കുടുംബം നൽകിയ കേസാണിത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നു. ഞങ്ങളുടെ ഊഹങ്ങൾ ശരിയാകണമെന്ന വാശി ഒരു ഘട്ടത്തിലും ഞങ്ങൾ കാണിച്ചിട്ടില്ല. പക്ഷെ, അങ്ങനെയാണെങ്കിൽ ഏറ്റവും കുറഞ്ഞത് ചോദ്യങ്ങൾക്കുള്ള മറുപടി കൃത്യമായി തരാൻ ഒരാൾക്കെങ്കിലും കഴിയണ്ടേ! അറിയുന്നവർ മൗനവ്രതം തുടരുന്നുവെങ്കിൽ അതിന് അവർക്കുള്ള കാരണവും ഞങ്ങൾക്ക് വ്യക്തമല്ല.

ആക്‌സിഡന്റ് ആയിരുന്നോ അല്ലയോ, വണ്ടിയോടിച്ചത് ബാലുച്ചേട്ടൻ ആയിരുന്നോ അല്ലയോ എന്നതല്ല ഞങ്ങൾ ഉന്നയിച്ച പ്രാഥമിക ചോദ്യം. ദുരൂഹമായ ഇടപാടുകൾ, പ്രത്യേകിച്ചു സാമ്പത്തികമായവ, അതേത്തുടർന്നുള്ള ഗൂഢാലോചന ഈ അപകടത്തിനോ അല്ലെങ്കിൽ അതേത്തുടർന്നുള്ള മരണത്തിന് പിന്നിലുണ്ടോ എന്നതാണ് ചോദ്യം. ബാലുച്ചേട്ടൻ മരിക്കുന്നതു വരെ ആശുപത്രിയിലെ ഞങ്ങളുടെ സാന്നിദ്ധ്യത്തെ (ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും) അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ പോയവർ ഒക്ടോബർ 2 മുതൽ സംഘം ചേർന്നുതന്നെ ഞങ്ങൾ ബാലുച്ചേട്ടന്റെ ആരുമല്ലായെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചതിന് പിന്നിൽ എന്താണ് കാരണം? ബാലുച്ചേട്ടൻ ജീവനോടെയുള്ളപ്പോൾപ്പോലും വല്യമ്മാവന്റെയോ ഞങ്ങളുടെയോ ഒക്കെ വീടുകളിൽ വന്നിട്ടുള്ളപ്പോഴൊന്നും കാണാത്ത വിരോധം ബാലുച്ചേട്ടൻ മരിച്ചതോടെ ഉടലെടുക്കണമെങ്കിൽ അതിന് അർത്ഥമെന്ത്?

ഒന്ന് പറയാം .. ഒരുകണക്കിന് ബാലുച്ചേട്ടനും കുഞ്ഞും രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ.. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ക്രൂരമായ വിധി ബാലുച്ചേട്ടൻ പോയതല്ല...പക്ഷെ ഏറ്റവുമൊടുവിൽ ആ അവസാന മാസങ്ങളിൽ ബാലുച്ചേട്ടൻ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും നൽകിയ ആ പ്രതീക്ഷയുണ്ടല്ലോ... കൂടെയുണ്ടാകുമിനി എന്ന വാക്ക്.. നിറവേറാത്ത ആ വാക്ക് ..അതാണ് ക്രൂരം... ആ വാക്കിന്റെ ഓർമ്മയാണ് ഭാരം.. ആ അമ്മയും അച്ഛനും ഇനി എത്രകാലമുണ്ടോ അന്നുവരെ അവരുടെ മനസ്സിലെ വിങ്ങലായിരിക്കും ഏകമകൻ വൈകിയുദിച്ച ബുദ്ധിയിൽ നൽകിയ ആ വാക്ക്.

പിന്നെ ആ സഹോദരി...മീരചേച്ചി.. അവർക്കൊരു നല്ല ജീവിതമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ ആ അച്ഛനും അമ്മയും മകനെ നഷ്ടപ്പെട്ട വേദന മാറിയില്ലെങ്കിലും സ്വസ്ഥമായൊന്ന് ഉറങ്ങിയേനെ ഒരുദിവസമെങ്കിലും... മകന്റെ ഓർമ്മകളും തങ്ങളില്ലെങ്കിൽപ്പിന്നെ മകളുടെ ഭാവിയെന്തെന്ന ആശങ്കകളും മാത്രം ബാക്കിയാവുന്ന ആ ജീവിതങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസമാകാൻ സത്യമറിഞ്ഞേ തീരൂ..
ഒരു ജീവിതമേയുള്ളൂ എല്ലാവർക്കും..ഒരുപാട് വേഷങ്ങൾ ആടിത്തീർക്കാനുള്ള ത്രാണി ഉണ്ടാവണമെന്നില്ല... എങ്കിലും.. കണ്ണടച്ചാൽ ഇരുട്ടാകില്ലല്ലോ... മുന്നോട്ടുതന്നെയേയുള്ളൂ വഴി...

ഇന്നലെ വൈകിട്ട് സിബിഐ ഓഫീസിൽ നിന്ന് മടങ്ങും വഴി ബാലുച്ചേട്ടന്റെ അച്ഛൻ പറഞ്ഞതാണ്..തലേദിവസം അവിടെ അവർ 3 പേരും കൂടി ചർച്ച ചെയ്തതേ മരണത്തെപ്പറ്റിയാണത്രെ. എന്തിനിങ്ങനെ എന്ന ചിന്ത.. 'ആത്മഹത്യ ഒരു പരിഹാരമല്ല', 'സത്യമേവ ജയതേ' എന്നൊക്കെ വലിയ വായിൽ പറയാൻ പോലും കഴിയാത്ത വിധം മനസ്സ് ഒരു നിമിഷം പിടഞ്ഞു പോയ അവസ്ഥ. പേരപ്പനോടും പിന്നെ പേരമ്മയോടും ഒന്നുമാത്രം പറഞ്ഞു.. 'ഫലമെന്തെന്ന് ഉറപ്പില്ലാത്ത ഒന്നും ചെയ്യരുത്, അങ്ങനെ ചിന്തിക്കുകയുമരുത്'...അതിനപ്പുറം ബലം നൽകാൻ ഞാൻ ആളുമല്ല എനിക്ക് ആവതുമില്ല എന്ന ബോദ്ധ്യം വല്ലാതെ പിന്തുടരുന്നു....

ബാലുച്ചേട്ടൻ കാണണം ഇതെല്ലാം... ബാലിശമായി കാട്ടിക്കൂട്ടിയ ചെയ്തികൾക്ക് ഫലം ദാ അനുഭവിക്കുന്നവർ ആരെന്നു കാണണം... ഇതൊരു പാഠവുമാകട്ടെ പുതുതലമുറയിലെ ഞാനുൾപ്പെടെയുള്ള 'രക്ഷകർത്താ'ക്കൾക്ക്.. മക്കൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും സ്‌നേഹവും അച്ഛനമ്മമാരുടെ കടമയാണ്, ശരിയാണ്, മക്കളുടെ അവകാശവുമാണ്, അതും ശരിയാണ്. പക്ഷെ ... അവകാശങ്ങൾ തിരിച്ചുമുണ്ടെന്ന് മനസ്സിലാക്കി അത് നേടിയെടുക്കാൻ അച്ഛനമ്മമാർക്കും കഴിയണം, അത് മക്കളുടെ കടമയാണെന്ന് ബോദ്ധ്യം ഉണ്ടാക്കിത്തന്നെ വളർത്തണം.. പഴയ രീതികളോ പുതിയ രീതികളോ മെച്ചം എന്നൊന്നും ചർച്ച ചെയ്തിട്ട് കാര്യമില്ല.. ഓരോ കുടുംബത്തിലും പരസ്പരം അറിഞ്ഞും അറിയിച്ചും തന്നെ വളരണം..അമ്മയും അച്ഛനും മക്കളും സഹോദരങ്ങളും ഒക്കെ...

'ഞങ്ങളെ കണ്ടാൽ തിരിഞ്ഞു നടന്നിരുന്ന' ബാലുച്ചേട്ടൻ തന്നെ എന്റെ കല്യാണം കഴിഞ്ഞ് ഞാൻ ചെന്നൈ പോയ ഇടയ്ക്ക് അയച്ച ഇമെയിൽ ആണ് പടത്തിൽ.. അമ്മയേയും ചേച്ചിയെയും പറ്റിയൊക്കെ എഴുതിയിരിക്കുന്നതിൽ നിന്ന് ബന്ധങ്ങളുടെ ആഴം അത്തരം ബന്ധങ്ങൾ അനുഭവിച്ചിട്ടുള്ളവർക്ക് മനസ്സിലായേക്കും.. ഓർമ്മകൾ ഭാരമാണ്.. പക്ഷെ എനിക്കിവ ബാലുച്ചേട്ടനോട് പലപ്പോഴും തോന്നിപ്പോകുന്ന ദേഷ്യം ഇല്ലാതെയാക്കാൻ ആണ് ഉതകാറ്.. ഇതാണ് ബാലുച്ചേട്ടൻ...ബാലുച്ചേട്ടൻ വല്യേട്ടനായി ഭാവിച്ചിട്ടുള്ള അപൂർവ്വം സംസാരങ്ങളിൽ അധികവും ഇത്തരം ഈമെയിലുകളിലാണ്..2001 മുതൽ പിണക്കം പോലെത്തന്നെ ആയിരുന്നു. കുടുംബത്തെയൊന്നാകെ ദേഷ്യവും വെറുപ്പും... എന്നിട്ട് ബന്ധങ്ങൾ നേരെയാക്കാനായി ശ്രമിച്ച് ഞങ്ങൾ 2008ൽ വലിയ വഴക്കായി..അരമണിക്കൂർ സംസാരിച്ച് ബാലുച്ചേട്ടൻ ചീത്ത വിളിച്ചു ഫോൺ വയ്ക്കും.

പിന്നേം വിളിച്ച് സോറി പറഞ്ഞു തുടങ്ങും, അടുത്ത 'പോടീ പോത്തേ' വിളിവരെ..വീണ്ടും ഇതുതന്നെ..എത്ര മണിക്കൂറുകൾ, 3-4 ദിവസം ഇതുതന്നെയായിരുന്നു....ഒടുവിൽ ആർക്കും ആരെയും പറഞ്ഞൊന്നും ചെയ്യിക്കാൻ പറ്റില്ല എന്ന നിസ്സഹായാവസ്ഥയിൽ ഞങ്ങൾ പരസ്പരം തോറ്റുകൊടുത്തതാണ്... 2008 അവസാനം ഉപരിപഠനപ്ലാനുകളുമായി ബന്ധപ്പെട്ട് ഞാൻ അമേരിക്കയിലേക്ക് പോയപ്പോൾ ആണ് ആദ്യമായി ബാലുച്ചേട്ടൻ നീണ്ട മെയിലുകൾ അയക്കാൻ തുടങ്ങിയത്...വല്യമ്മാവന്റെ തമാശഭാഷയിൽ ബാലുച്ചേട്ടൻ ടൂറിസ്റ്റും ഞാൻ ലോക്കലും ആയിരുന്നു..ആ സമയത്ത് തിരുവനന്തപുരത്തുണ്ടായിരുന്നവർ ഞങ്ങൾ 2 പേർ മാത്രമായിരുന്നു.. പിന്നീടും...വഴക്കിന്റെ ബാക്കിയായും എന്റെ അഡ്‌മിഷന്റെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ആശ്വസിപ്പിക്കലായും നല്ല വിശേഷം പങ്കുവച്ച് സങ്കടം മാറ്റലുമൊക്കെയായിട്ട് ഇനിയുമുണ്ട് പല ഇമെയിലുകൾ... തെളിവുകളായി ഒന്നും ഇനി കാട്ടാനുള്ള ബാദ്ധ്യത ഇല്ലാത്തതുകൊണ്ട് അതെല്ലാം സ്വകാര്യശേഖരങ്ങളായിത്തന്നെയിരിക്കട്ടെ...

#Justice4Balabhaskar