തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന ആഡംബര വാഹനങ്ങൾക്ക് ഫാൻസി നമ്പർ ഉറപ്പിക്കാനായി പണം വാരിയെറിയുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. തിരുവനന്തപുരത്തെ വ്യവസായി ആഡംബരകാറിന് ഇഷ്ട നമ്പർ ലഭിക്കാനായി 18 ലക്ഷത്തിന്റെ റിക്കാർഡ് തുക മുടക്കിയതും നടന്മാരായ മോഹൻലാലും ദിലീപും ഫാൻസി നമ്പറിനായി ലേലത്തിൽ മത്സരിച്ചതും ഇന്നാണ്. ദിലീപിന് ഇഷ്ടനമ്പർ കിട്ടിയില്ലെങ്കിലും മോഹൻലാൽ വിചാരിച്ച നമ്പർ തന്നെ സ്വന്തമാക്കി

തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ് ബാലഗോപാലാണ് പുതിയ എസ് യുവിക്കായി ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. ദേവി ഫാർമ ഉടമസ്ഥൻകൂടിയായ ബാലഗോപാൽ ഒന്നേമുക്കാൽ കോടി രൂപ മുടക്കി വാങ്ങിയ ടൊയോട്ട ലാൻഡ് ക്രൂയിസർ കാറിന് ഫാൻസി നമ്പർ ലഭിക്കാനാണ് 18 ലക്ഷം രൂപ മുടക്കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആർ.ടി. ഓഫീസിൽ നടന്ന ലേലത്തിലാണ് KL 01 CB 1 എന്ന ഇഷ്ട നമ്പർ സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഫാൻസി നമ്പറിനായി മുടക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. 16 ലക്ഷം രൂപയായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന ലേലത്തുക.

തിരുവനന്തപുരം ആർ.ടി ഓഫീസിൽ നടന്ന ലേലത്തിൽ ഈ നമ്പർ സ്വന്തമാക്കാൻ നാലു പേരാണു രംഗത്തുണ്ടായിരുന്നത്. അൻപതിനായിരം രൂപയിൽ തുടങ്ങിയ ലേലം 13 ലക്ഷത്തിൽ എത്തിയതോടെ എതിരാളികൾ പിന്മാറി. ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പർ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി കൂട്ടിവിളിച്ച് റെക്കോർഡ് തുക തികയ്ക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് KL01 CA 1 വെറും രണ്ടായിരം രൂപയ്ക്കാണ് പ്രവാസി വ്യവസായി സ്വന്തമാക്കിയത്. അന്ന് ഒത്തുകളി നടന്നെന്ന് ആരോപിച്ച് ലേലത്തിൽ പങ്കെടുത്ത ബാലഗോപാലിന്റ അപേക്ഷ ഇത്തവണ ആർ.ടി.ഒ നിരസിച്ചു.തുടർന്ന് ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തിലാണ് ലേലത്തിന് അനുമതി നേടിയത്

തൃശൂർ ആർ.ടിഓഫീസിൽ 16,15000 രൂപയ്ക്ക് പോയ KL08 BL 1 ആയിരുന്നു ഇതുവരെയുള്ള വിലയേറിയ നമ്പർ.കഴിഞ്ഞതവണ ഒത്തുകളി നടന്നെന്ന ആക്ഷേപമുണ്ടായിരുന്നതിനാൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.കെ അശോകന്റ നേതൃത്വത്തിൽ കർശന നിരീക്ഷണത്തിലായിരുന്നു ലേലം. തന്റെ എല്ലാ വാഹനങ്ങൾക്കും ഫാൻസി നമ്പർ ആണ് ഉപയോഗിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.

ഇതിനിടെ കൊച്ചിയിൽ നടന്നത് സൂപ്പർ താരങ്ങളുടെ ലേലം വിളിയായിരുന്നു.
സൂപ്പർസ്റ്റാർ മോഹൻലാലും ദിലീപും ഉൾപ്പെട്ട നമ്പർ യുദ്ധത്തിൽ മോഹൻലാൽ വിജയിച്ചു. കെഎൽ 7 സികെ സീരിസിലെ നമ്പറുകൾക്കായുള്ള ലേലമാണ് നടന്നത്. KL 07 CK 7 എന്ന ഫാൻസി നമ്പർ മോഹൻലാൽ സ്വന്തമാക്കിയത് വെറും 31,000 രൂപയ്ക്കാണ്.

അതേസമയം, KL 7 CK 1 എന്ന നമ്പർ സ്വന്തമാക്കാനാണ് ദിലീപ് മത്സരിച്ചത്. നമ്പർ സ്വന്തമാക്കാനായി അഞ്ചു ലക്ഷം രൂപവരെ വിളിച്ചെങ്കിലും അദ്ദേഹത്തിനു ലഭിച്ചില്ല. 8.50 ലക്ഷം രൂപയ്ക്ക് മറ്റൊരാൾ ഈ നമ്പർ സ്വന്തമാക്കുകയായിരുന്നു.