ന്യൂഡൽഹി: ചെങ്ങന്നൂരിൽ ബിജെപി - സിപിഎം ഡീൽ എന്ന് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' മുൻ പത്രാധിപർ ആർ.ബാലശങ്കറിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വൈകാരികപ്രകടനം മാത്രമാണ്. സ്ഥാനാർത്ഥിയെ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണെന്നും വി മുരളീധരൻ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിൽ ബാലശങ്കറിന് ഒരു റോളുമില്ല. അദ്ദേഹം പ്രതിക്കൂട്ടിലാക്കിയത് പ്രധാനമന്ത്രിയെയും ബിജെപി നേതൃത്വത്തെയുമാണെന്നും മുരളീധരൻ പറഞ്ഞു.

ആർ.ബാലശങ്കർ ബിജെപിക്കോ ആർഎസ്എസിനോ എതിരായിട്ടുള്ള ആളല്ല. എന്നാൽ മത്സരിക്കാൻ ഉദ്ദേശിച്ച ഒരാൾക്ക് സീറ്റ് കിട്ടാതിരിക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ടാകും. അതിലുള്ള ഒരു വൈകാരിക അഭിപ്രായപ്രകടനമായി കണ്ടാൽ മതി. അദ്ദേഹം കരുതികൂട്ടി പറഞ്ഞതാണെന്ന് കരുതുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. ഒരു ന്യൂസ് ചാനലിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.

ബിജെപി-സിപിഎം ധാരണയ്ക്ക് കെ.സുരേന്ദ്രനും വി.മുരളീധരനും ഒത്തുകളിക്കുന്നുവെന്ന് ബാലശങ്കർ കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനായി സിപിഎമ്മും കോൺഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവർ ദുഷ്പ്രചരണങ്ങൾ നടത്തുന്നുണ്ട്. മാധ്യമപ്രവർത്തകരേയും അവർ ഇതിനായി കരുവാക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ബാലശങ്കറിന്റേത് വൈകാരിക പ്രകടനമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും ഭാഗത്ത് നിന്ന് വരുമ്പോൾ അത് വിശ്വസിച്ച് സ്വയംപ്രകോപിതരാകരുത് എന്നാണ് ബിജെപി നേതാക്കളോട് പറയാനുള്ളതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ചെങ്ങന്നൂരിൽ വിജയസാധ്യതയുണ്ടായിരുന്ന തന്നെ സ്ഥാനാർത്ഥിപട്ടികയിൽനിന്ന് ഒഴിവാക്കിയത് സിപിഎം ബിജെപി ഡീൽ അല്ലെങ്കിൽ മറ്റെന്താണെന്നാണ് ബാലശങ്കർ ചോദിച്ചത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രമേ ഇത്തവണ പരിഗണിക്കൂ എന്നു പാർട്ടി നേതൃത്വം പറയുകയും ഇത്രയും വിജയസാധ്യതയുള്ള തന്നെ ഒഴിവാക്കുകയും ചെയ്തതെന്തിന്? ചെങ്ങന്നൂർ സാഹചര്യങ്ങൾക്കൊത്തു മാറിമറിയുന്ന മണ്ഡലമാണെന്നും ബാലശങ്കർ പറഞ്ഞിരുന്നു.

അതേസമയം, ആർ ബാലശങ്കറിന്റെ സിപിഎം ബിജെപി ഡീൽ ആരോപണം ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും തള്ളി. കോന്നി, ചെങ്ങന്നൂർ, ആറന്മുള മണ്ഡലങ്ങൾ എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഒന്നാം സ്ഥാനത്തു വരാൻ പോകുന്ന സിപിഎം സ്ഥാനാർത്ഥി എന്തിന് ബിജെപിയുമായി ഡീൽ ഉണ്ടാക്കണം. ബാലശങ്കറിന്റെ പ്രസ്താവന ബിജെപിയിലെ ആഭ്യന്തര കലഹം കാരണമെന്നും സജി ചെറിയാൻ പ്രതികരിച്ചു.