ഗുവാഹതി: അസമിലെ ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. ഓൾ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയൻ, ജംഇയ്യത്തെ ഉലമ എന്നീ സംഘടനകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സംഘടനകളുടെ കോഓഡിനേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിൽ അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കടകളും കമ്പോളങ്ങളും അടഞ്ഞുകിടന്നു. നിരത്തിൽ വളരെ കുറച്ച് വാഹനങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

അസമിലെ പൊലീസ് നരനായാട്ടിനെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ, രാജ്യസഭ എംപി റിപുൺ ബോറ, നിയസമഭയിലെ പാർട്ടി ഉപാധ്യക്ഷൻ റകീബുൽ ഹസൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ധറാങ് ജില്ല പൊലീസ് ആസ്ഥാനത്ത് ധർണ നടത്തി. ഗവർണർ ജഗദീഷ് മുഖിക്ക് സംഘം നിവേദനവും നൽകി.
അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ചാണ് വ്യാഴാഴ്ച പൊലീസ് ധറാങ്ങിൽ ഗ്രാമീണർക്കെതിരെ നടപടിയാരംഭിച്ചത്

ഡി.ജി.പി ഭാസ്‌കർ ജ്യോതി മഹന്ത സംഭവസ്ഥലം വ്യാഴാഴ്ച അർധരാത്രി തന്നെ സന്ദർശിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ 11 പേരെ ഗുവാഹതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതിൽ മൂന്നുപേർ പൊലീസുകാരാണ്.