ധാക്ക: ബംഗ്ലാദേശിൽ ദുർഗ പൂജയ്ക്കിടെ ക്ഷേത്രങ്ങൾ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി ഷേഖ് ഹസീന. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാന് നിർദ്ദേശം നൽകിയത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശ് കാബിനറ്റ് സെക്രട്ടറി ഖണ്ഡ്ക്കർ അൻവാറുൽ ഇസ്ലാമിനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്കിടെ നടന്ന ആക്രമണങ്ങൾക്കും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും പ്രതിഷേധിച്ച് വിവിധ സംഘടനകൾ സമരം ശക്തമാക്കിയിരുന്നു. വിവിധ ഹിന്ദു സംഘടനകളും വിദ്യാർത്ഥി സംഘടനകളും മറ്റ് സംഘങ്ങളുമാണ് രാജ്യ തലസ്ഥാനമായ ധാക്കയിൽ പ്രതിഷേധം ശക്തമാക്കിയത്.

അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ മാത്രം 150 ലധികം ദുർഗ പൂജ പന്തലുകൾ തകർക്കപ്പെട്ടു. 362ൽ അധികം വിഗ്രഹങ്ങൾ തകർത്തു. ആയിരക്കണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും ആക്രമിക്കപ്പെട്ടു. ഇതിൽ ആയിരത്തിലധികം ഹിന്ദുക്കൾക്ക് പരിക്കേറ്റു. ഇതുവരെ 10 ഹിന്ദുക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി ഹിന്ദു സ്ത്രീകൾ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി.

ചന്ദ്പൂരിലെ ഹാജി ഗഞ്ചിൽ, ഒരു സ്ത്രീയും മകളും അവളുടെ സഹോദരിയുടെ മകളും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. നിരപരാധിയായ 10 വയസ്സുള്ള ഒരു പെൺകുട്ടി അവിടെ കൊല്ലപ്പെട്ടു. മൂന്ന് ഇസ്‌കോൺ ക്ഷേത്രങ്ങൾ, രാമകൃഷ്ണ മിഷന്റെ ആശ്രമങ്ങൾ, രാം താക്കൂർ ആശ്രമം എന്നിവയുൾപ്പെടെ അമ്പതിലധികം ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു.

ഇസ്‌കോണിലെ രണ്ട് സംന്യാസിമാരും ചൗമോഹിനി ക്ഷേത്രത്തിലെ പുരോഹിതരും ക്രൂരമായി കൊല്ലപ്പെട്ടു. മറ്റൊരു പുരോഹിതന്റെ മൃതദേഹം ഇസ്‌കോൺ ക്ഷേത്രത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ഈ മാസം 23 മുതൽ പൂജാ ദിനത്തിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 15നാണ് ബംഗ്ലാദേശിൽ അക്രമസംഭവങ്ങൾ ആരംഭിച്ചത്. പിന്നാലെ 22 ജല്ലകളിൽ അർധസൈനിക സേനയെ വിന്യസിച്ചിരുന്നു.