ഒട്ടാവ: കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിൽ നിന്നും കരകയറുവാൻ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്ന ഉറപ്പുമായി ദി ബാങ്ക് ഓഫ് കാനഡ. സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് പോളിസി മെയ്‌ക്കർമാരുടെ നിർണായകമായ സഹായം അത്യാവശ്യമാണ്. അതിനാലാണ് അടിസ്ഥാന പലിശനിരക്ക് ഇത്തരത്തിൽ താഴ്ന്ന നിരക്കിൽ ദീർഘ കാലം കൂടി നിലനിർത്തുന്നതെന്നും ബാങ്ക് ഓഫ് കാനഡ വിശദീകരിക്കുന്നു.

നിലവിൽ തങ്ങൾ പ്രവചിച്ചത് പോലെ തന്നെ കോവിഡിൽ നിന്നും കാനഡയിലെ സമ്പദ് വ്യവസ്ഥ കരകയറിക്കൊണ്ടിരിക്കുന്നുവെന്നും അത് തുടരുന്നതിന് അടിസ്ഥാന പലിശനിരക്ക് താഴ്‌ത്തി തന്നെ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് ബാങ്ക് പുതിയ തീരുമാനത്തെ വിശദീകരിക്കുന്നത്. ലോകത്തിലെ മറ്റ് മിക്ക രാജ്യങ്ങളെയും പോലെ കാനഡയുടെ സമ്പദ് വ്യവസ്ഥയും കോവിഡ് കാരണം മാർച്ചിൽ വൻ തകർച്ചയിലേക്ക് കൂപ്പ് കുത്തിയിരുന്നു. ആ സമയത്ത് കോവിഡിനെ പിടിച്ച് കെട്ടാൻ വ്യാപകമായ ലോക്ക്ഡൗൺ നടപ്പിലാക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു ഇത്.

എന്നാൽ പിന്നീട മേയിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ തുടങ്ങിയതിനെ തുടർന്ന് ബിസിനസുകൾ പ്രവർത്തനം ആരംഭിക്കാൻ തുടങ്ങിയതിനെ തുടർന്ന് സമ്പദ് വ്യവസ്ഥ ക്രമത്തിൽ തിരിച്ച് വരാൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ജിഡിപി പോലുള്ള സാമ്പത്തിക സൂചകങ്ങൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും സമ്പദ് വ്യവസ്ഥയിൽ ശുഭസൂചനകൾ തന്നെയാണുള്ളതെന്നാണ് ബാങ്ക് വിലയിരുത്തുന്നത്. അത് തുടരാൻ പലിശനിരക്ക് താഴ്ന്ന നിരക്കിൽ തന്നെ നിലനിർത്തുമെന്നും ബാങ്ക് ആവർത്തിക്കുന്നു.