ന്യൂഡൽഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകളുടെ സ്വകാര്യവൽക്കണമാണ് ഈ വർഷം നടക്കുക. നീതി ആയോഗാണ് സ്വകാര്യവൽക്കരിക്കേണ്ട ബാങ്കുകളുടെ ഷോർട്ട് ലിസ്റ്റ് തയാറാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ബാങ്ക് ഓഫ് ഇന്ത്യയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട സമിതിക്കാണ് നീതി ആയോഗ് ബാങ്കുകളുടെ പട്ടിക കൈമാറിയത്. ഇതിനൊപ്പം ഒരു ഇൻഷൂറൻസ് കമ്പനിയുടെ പേരും നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ബാങ്കുകളുടേയും ഇൻഷൂറൻസ് കമ്പനിയുടേയും സ്വകാര്യവൽക്കരണം ഉണ്ടാവും.

പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപനയിലൂടെ ഈ വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എയർ ഇന്ത്യ, ബി.പി.സി.എൽ, ഷിപ്പിങ് കോർപ്പറേഷൻ എന്നിവയുടെ ഓഹരിയും ഈ വർഷം വിൽക്കും.