കൊച്ചി: രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാർ. ഓൾ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്റെ (എ.ഐ.എൻ.ബി.ഒ.എഫ്) നേതൃത്വത്തിലാണ് ഈ മാസം 15, 16, തീയതികളിൽ പണിമുടക്ക്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്​കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാർ പണിമുടക്കുമെന്ന് എ.ഐ.എൻ.ബി.ഒ.എഫ് നേതൃത്വം അറിയിച്ചു.

പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തിൽ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാൽ, വായ്പ നൽകുന്നത് ഏറെയും വൻകിടക്കാർക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോൾ 12 ആയി ചുരുക്കി. ബാങ്കുകൾ വിൽപനക്ക് വെച്ചിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്​കരിക്കാൻ പ്രചാരണ പരിപാടികൾ നടത്തുമെന്ന്​ ജനറൽ സെക്രട്ടറി പി. മനോഹരൻ, ഭാരവാഹികളായ വിവേക്, ജോർജ് ജോസഫ്, ബിജു സോളമൻ, ഫ്രാൻസിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.